രൂപയുടെ മൂല്യത്തില്‍ വന്‍ ഇടിവ്; രൂപയുടെ മൂല്യം സര്‍വ്വകാല റെക്കോഡിലേക്ക്

രൂപയുടെ മൂല്യത്തില്‍ വന്‍ ഇടിവ്. മൂല്യം പിടിച്ചുനിര്‍ത്താനുള്ള സര്‍ക്കാരിന്റെയും കേന്ദ്രബാങ്കിന്റെയും ശ്രമങ്ങള്‍ പരാജയപ്പെട്ടു. മൂല്യം ഇടിയുന്നതോടെ നിക്ഷേപകര്‍ കൂട്ടമായി പണം പിന്‍വലിക്കുകയാണ്. ഡോളറുമായുള്ള വിനിമയ നിരക്കില്‍ രൂപയുടെ മൂല്യം 73.34 ലെത്തി അന്താരാഷ്ട്ര വിപണിയില്‍ ഡോളറിന്റെ ആവശ്യകത വര്‍ദ്ധിച്ചതും രൂപയുടെ മൂല്യം ഇടിയാന്‍ കാരണമായി. ചരിത്രത്തിലെ ഏറ്റവും വലിയ മൂല്യ ഇടിവ് രേഖപ്പെടുത്തി രൂപ.73.26 പൈസയിലെത്തിയിരുന്ന രൂപ വീണ്ടും ഇടിഞ്ഞ് 73.34 ലെത്തി. ആദ്യമായാണ് രൂപയുടെ മൂല്യം 73 കടക്കുന്നത്. രൂപയുമായുള്ള വിനിമയ നിരക്കില്‍ യു.എ.ഇ ദിര്‍ഹവും 20 കടന്നു.

എല്ലാ ഗള്‍ഫ് കറന്‍സികളും രൂപയുമായുള്ള നിരക്കില്‍ ശക്തി പ്രാപിക്കുകയാണ്. രാജ്യാന്തര വിപണയില്‍ ക്രൂഡ് ഓയില്‍ വില വര്‍ദ്ധിച്ചതോടെ ഡോളറിന് ആവശ്യമേറി. ഇതാണ് രൂപയുടെ മൂല്യം ഇത്രയേറെ വലിയ തോതില്‍ ഇടിയാന്‍ കാരണമായത്. ക്രൂഡ് വില ഉയരുന്നതാണ് കാരണമെന്നു പറയുന്നുണ്ടെങ്കിലും കാര്യങ്ങള്‍ സര്‍ക്കാരിന്റെയും കേന്ദ്രബാങ്കിന്റെയും നിയന്ത്രണത്തിലല്ല എന്നാണ് കഴിഞ്ഞ ഏതാനം മാസങ്ങളായി രൂപവിലയില്‍ പ്രതിഫലിക്കുന്നത്.

അസംസ്‌കൃത എണ്ണയുടെ എണ്ണ ബാരലിന് 85.45 ഡോളറിലെത്തി. ഇറാനെതിരായ അമേരിക്കയുടെ ഉപരോധം പൂര്‍ണ്ണമായും നിലവില്‍ വരുന്ന നവംബര്‍ നാലിന് ശേഷം എണ്ണ വില വീണ്ടും വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ടെന്ന് നിരീക്ഷകര്‍ ചൂണ്ടികാട്ടുന്നു. കേന്ദ്രബാങ്ക് കൂടുതല്‍ സാമ്പത്തിക അച്ചടക്ക നടപടികള്‍ സ്വീകരിക്കുമെന്നാണ് വിവരം. അടുത്ത വായ്പാ നയത്തില്‍ പലിശ നിരക്കുകള്‍ കൂട്ടിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഈ വിവരങ്ങള്‍ പുറത്തുവന്നതും രൂപയുടെ മൂല്യമിടിയാന്‍ കാരണമായെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു.

അതേ സമയം രൂപയുടെ മൂല്യം ശക്തിപ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ച അഞ്ചിന പദ്ധതികളും വിപണിയില്‍ വലിയ മാറ്റം ഉണ്ടാക്കുന്നില്ല. ഇറക്കുമതി നിരോധിച്ചതടക്കമുള്ള കടുത്ത നടപടികളാണ് ഇന്ത്യ കൈകൊള്ളുന്നത്. എന്നിട്ടും രൂപയുടെ മൂല്യം ഇടിയുന്നത് കേന്ദ്ര സര്‍ക്കാരിനെ ആശങ്കയിലാക്കുന്നുണ്ട്.