11ലക്ഷം രൂപയുടെ തട്ടിപ്പുകേസ്; പ്രമുഖ നടന്‍ റിസബാവ കുറ്റക്കാരനെന്ന് കോടതി വിധി

കൊച്ചി: പതിനൊന്ന് ലക്ഷം രൂപയുടെ തട്ടിപ്പ് കേസില്‍ നടന്‍ റിസബാബ കുറ്റക്കാരനാണെന്ന് കോടതി വിധി. വണ്ടിച്ചെക്ക് കേസിലാണ് എറണാകുളം നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് കോടതിയുടെ സുപ്രധാന വിധി. വണ്ടിച്ചെക്ക് കേസില്‍ എളമക്കര സ്വദേശിയാണ് റിസബാബയ്‌ക്കെതിരെ പരാതി നല്‍കിയത്.

2014ലെ ചെക്ക് തട്ടിപ്പ് കേസിലാണ് റിസബാവ കുറ്റക്കാരനാണ് എന്ന് കോടതി കണ്ടെത്തിയിരിക്കുന്നത്. എറണാകുളം എന്‍ഐ (നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ്) കോടതിയാണ് നടന്‍ കുറ്റക്കാരനാണ് എന്ന് വിധിച്ചിരിക്കുന്നത്. 11 ലക്ഷം രൂപ തട്ടിപ്പ് നടത്തിയെന്നാണ് കേസ്.

2014 മെയ് മാസത്തില്‍ സാദിഖിന്റെ മകനുമായി റിസബാവയുടെ മകളുടെ വിവാഹം ഉറപ്പിച്ചിരുന്നു. ഈ ബന്ധത്തിന്റെ പുറത്ത് റിസബാവ സാദിഖില്‍ നിന്ന് 11 ലക്ഷം രൂപ കടം വാങ്ങിയിരുന്നു. തിരികെ നല്‍കാമെന്ന് പറഞ്ഞ അവധികള്‍ പലതും കഴിഞ്ഞിട്ടും പണം റിസബാവ തിരികെ നല്‍കിയില്ല. സാദിഖ് പണം തിരികെ ചോദിച്ചപ്പോഴൊക്കെ നടന്‍ പല തവണ അവധി പറയുകയും വീണ്ടും സാവകാശം ചോദിക്കുകയുമാണുണ്ടായത്. പിന്നീട് 2015 ജനുവരിയില്‍ റിസബാവ സാദിഖിന് 11 ലക്ഷം രൂപയുടെ ചെക്ക് നല്‍കി.

നിരവധി തവണ നോട്ടീസ് അയച്ചിട്ടും റിസബാവ ഹാജരാകാത്തതിനാല്‍ കേസ് വാറന്‍റാവുകയായിരുന്നു. തുടര്‍ന്ന് അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ കോടതി ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് നടന്‍ കോടതിയില്‍ ഹാജരായത്. കുറ്റക്കാരനെന്ന് തെളിഞ്ഞെങ്കിലും അപ്പീല്‍ നല്‍കുന്നതിനായി കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്.