പൊന്നാനിയിലെ മണല്‍ത്തിട്ടയെ രാമസേതുവാക്കി ബി.ജെ.പിയുടെ വ്യാജപ്രചരണം; വീഡിയോ വൈറലാവുന്നു

കേരളത്തിൽ പ്രളയത്തിന് ശേഷമുണ്ടായ ഭൂമിശാസ്ത്രപരമായ മാറ്റങ്ങളില്‍ ഒന്നാണ് പൊന്നാനി അഴിമുഖത്തെ മണല്‍ത്തിട്ട. ബീച്ചില്‍ നിന്നും കടലിനുള്ളിലേക്ക് കിലോമീറ്ററുകള്‍ നീണ്ട മണല്‍തിട്ട കാണാൻ നിരവധി പേരെത്തുന്നുണ്ട്. എപ്പോൾ വേണമെങ്കിലും അപ്രത്യക്ഷമാകാവുന്ന മണൽത്തിട്ടയാണ് ഇതെന്നും അതിനാൽ ആളുകൾ പോകരുതെന്നും അധികൃത‍‍ർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ മണല്‍ത്തിട്ടയാണ് രാമന്‍ ലങ്കയിലേക്ക് പോകാനായി നിര്‍മിച്ചതെന്ന് രാമായണത്തില്‍ പറയുന്ന രാമസേതു എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നത്.

“ഐതിഹ്യമല്ല, അതിശയിപ്പിക്കുന്ന എഞ്ചിനീയറിങാണ്. രാമസേതുവിനെ ദേശീയ പൈതൃകമായി പ്രഖ്യാപിക്കാന്‍ സുപ്രീംകോടതിയെ സമീപിച്ച സുബ്രഹ്മണ്യം സ്വാമിക്ക് നന്ദി. ജയ് ശ്രീറാം” എന്ന് പറഞ്ഞാണ് രവി രഞ്ജന്‍‌ എന്നയാൾ വീഡിയോ ഷെയര്‍ ചെയ്തത്. നാല്‍പതിനായിരത്തിനടുത്ത് ആളുകള്‍ ഇതിനകം കണ്ടുകഴിഞ്ഞ വീഡിയോ നിരവധി പേര്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. വീഡിയോ ഷെയര്‍ ചെയ്തവരില്‍ ബി.ജെ.പിയുടെ പ്രമുഖ നേതാക്കളുമുണ്ട്.

തനിക്ക് വാട്സ് ആപ്പിലാണ് ഈ വീഡിയോ കിട്ടിയതെന്നാണ് രവി രഞ്ജന്‍ പറയുന്നത്. എന്നാല്‍ ആ വീഡിയോ ചിത്രീകരിച്ചത് അഭിലാഷ് വിശ്വ എന്നയാളാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഒപ്പം ഫോണ്‍ നമ്പറുമുണ്ട്. ഈ വീഡിയോ കണ്ട് വിളിച്ചവരോട് അത് രാമസേതുവല്ല, പൊന്നാനിയാണെന്ന് മറുപടി പറഞ്ഞ് മടുത്തെന്ന് മലയാളിയായ അഭിലാഷ് പറയുന്നു.

“നമ്മുടെ പൊന്നാനിയുടെ വീഡിയോ സോഷ്യൽ മീഡിയകളിൽ രാമസേതു ആണെന്നും പറഞ്ഞു കറങ്ങി നടക്കുന്നുണ്ട്. രണ്ട്‌, ദിവസമായിട്ട് കന്നഡ, തമിഴ്, തെലുങ്ക്, ഒക്കെ കൂടി അരച്ചു കലക്കി പറയേണ്ട അവസ്ഥ ആണ്.ചില കോളുകൾ ജയ് ശ്രീരാം എന്നൊക്കെ പറഞ്ഞാണ് തുടങ്ങുന്നത്. ആര് ചെയ്ത പണി ആവോ” എന്ന് അഭിലാഷ് ഫേസ് ബുക്കില്‍ കുറിച്ചു.