കെഎസ്ആര്‍ടിസി ഓടിക്കുന്ന കുരങ്ങന്റെ വീഡിയോ വൈറൽ; ഡ്രൈവര്‍ക്ക് സസ്‌പെന്‍ഷന്‍

സാമൂഹിക മാധ്യമങ്ങളിൽ വൈറലായി കെഎസ്ആർടിസി ഓടിക്കുന്ന കുരങ്ങൻ.
കര്‍ണാടക എസ്ആര്‍ടിസിയുടെ (കെഎസ്ആര്‍ടിസി) ബസ്സാണ് കുരങ്ങൻ ഓടിച്ച് താരമായത്. സ്റ്റിയറിങ് കുരങ്ങന് കെെമാറിയ സംഭവത്തില്‍ ഡ്രൈവര്‍ക്ക് സസ്‌പെന്‍ഷന്‍ നൽകിയിട്ടുണ്ട് . ഡ്രൈവറുടെ മടിയിലിരുന്നാണ് കുരങ്ങ് വണ്ടി ഓടിക്കുന്നത്. ഇതിന്റെ വീഡിയോ പുറത്തു വന്നിരുന്നു. കര്‍ണാടകയിലെ ദാവന്‍ഗരെയില്‍ നിന്ന് ഭരമസാഗരയിലേക്കുള്ള ബസിലെ ഡ്രൈവര്‍ പ്രകാശാണ് വണ്ടിയുടെ വളയം കുരങ്ങന് കൈമാറിയത്.
യാത്രക്കാരുടെ ജീവന് ഭീഷണിയാകുന്ന തരത്തില്‍ പ്രകാശ് സ്റ്റിയറിങ് കുരങ്ങിന് കൈമാറിയെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാള്‍ക്കതിരെ നടപടി സ്വീകരിച്ചത്. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രകാശിനെതിരെ വേണ്ട നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.