( വീഡിയോ കാണാം) കോണ്‍ഗ്രസ് നടത്തിയ റോഡ് ഷോക്കിടെ ഗ്യാസ് ബലൂണിന് തീപിടിച്ചു; രാഹുല്‍ ഗാന്ധി രക്ഷപ്പെട്ടത് തലനാരിഴക്ക്

തിരഞ്ഞെടുപ്പ് പ്രമാണിച്ച് കോണ്‍ഗ്രസ് നടത്തിയ റോഡ് ഷോയ്ക്കിടെ ബലുണുകള്‍ക്ക് തീപിടിച്ച് പൊട്ടിത്തെറിച്ചത് പരിഭ്രാന്തി പരത്തി. മധ്യപ്രദേശിലെ ജബല്‍പൂരിലാണ് സംഭവം. തുറന്ന വാഹനത്തില്‍ രാഹുല്‍ ഗാന്ധി പാര്‍ട്ടി പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്ത് നീങ്ങവെയായിരുന്നു തീപിടിത്തം. അപകടത്തില്‍ നിന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. രാഹുല്‍ ഗാന്ധിയെ ആരതി ഉഴിഞ്ഞ് സ്വീകരിക്കാന്‍ തയാറാക്കിയിരുന്ന താലത്തില്‍ നിന്നാണ് ബലൂണുകളിലേക്ക് തീപടര്‍ന്നത്.

തീ പിടിച്ച ബലൂൺ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയും ആളിക്കത്തുകയുമായിരുന്നു. പെട്ടിത്തെറി ഉണ്ടായ സ്ഥലവും രാഹുലിന്റെ വാഹനവും തമ്മിൽ രണ്ട് മുന്നടി അകലം മാത്രമേ ഉണ്ടായിരുന്നുള്ളു. എട്ട് കിലോമീറ്റർ ദൈർഘ്യമുള്ള റോ‍ഡ് ഷോയാണ് രാഹുൽ ഗാന്ധി ജബൽപൂരിൽ നടത്തിയത്. ഉടന്‍ തന്നെ പ്രത്യേക സുരക്ഷാസേന സംഭവസ്ഥലത്ത് സുരക്ഷ ഒരുക്കി. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

നർമ്മദ നദീ തീരത്തു നിന്നും ആരംഭിച്ച റോഡ് ഷോ ജബല്‍പൂര്‍ വെസ്റ്റ്, ജബല്‍പൂര്‍ നോര്‍ത്ത് സെന്‍ട്രല്‍, ജബല്‍പൂര്‍ ഈസ്റ്റ് എന്നീ നിയോജക മണ്ഡലങ്ങൾ വഴിയാണ് കടന്നു പോയത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ കമല്‍നാഥ്, ജ്യോതിരാദിത്യ സിന്ധ്യ എന്നിവരും രാഹുല്‍ഗാന്ധിക്ക് ഒപ്പം റോഡ്ഷോയില്‍ ഉണ്ടായിരുന്നു. ആയിരക്കണക്കിന് ആളുകളാണ് നഗരത്തിന്റെ പ്രധാന വീഥികളിലൂടെ അദ്ദേഹത്തെ അനുഗമിച്ചത്.