ആന്‍ഡ്രോയിഡ് ഉപഭോക്താക്കളുടെ ചങ്കിടിപ്പ് കൂട്ടിക്കൊണ്ട് പുതിയ വൈറസ് പ്രചരിക്കുന്നു; വൈറസിനെ കുറിച്ചറിയാം…

ആൻഡ്രോയ്ഡ് ഉപഭോക്താക്കൾ കരുതിയിരിക്കുക.ആന്‍ഡ്രോയിഡ് ഉപഭോക്താക്കളുടെ ചങ്കിടിപ്പ് കൂട്ടിക്കൊണ്ട് പുതിയ വൈറസ് പ്രചരിക്കുന്നു. ഓണ്‍മി(OwnMe) എന്ന പേരിലാണ് വൈറസ് പ്രചരിക്കുന്നത്. ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യുമ്പോഴാണ് ഈ വൈറസ് ഫോണിലെത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. ഫോണില്‍ സൂക്ഷിച്ചിരിക്കുന്ന വ്യക്തിഗത വിവരങ്ങളാണ് ഈ വൈറസിന്റെ ലക്ഷ്യം. വാട്‌സ്ആപ്പിനെയാണ് ഈ വൈറസ് ഏറ്റവും കൂടുതല്‍ ബാധിക്കുന്നതെന്നാണ് വൈറസിനെ കണ്ടെത്തിയ ആന്റി വൈറസ് കമ്പനി പറയുന്നത്. വാട്‌സ്ആപ്പ് വഴിയുള്ള ചാറ്റ് വിവരങ്ങളും ചിത്രങ്ങളും വീഡിയോകളുമാണ് ഓണ്‍ മീ ചോര്‍ത്തുന്നത്. കോള്‍ ഹിസ്റ്ററിയും മെസേജ് ഹിസ്റ്ററിയും ബ്രൗസിംങ് ഹിസ്റ്ററിയും ഓണ്‍ മീ സ്വന്തമാക്കും. ഫോണിലെ ഇന്റര്‍നെറ്റ് കണക്ഷന്‍ ഉപയോഗിച്ച് സ്വന്തം സര്‍വറിലേക്ക് ഈ വിവരങ്ങള്‍ കൈമാറുകയും ചെയ്യുന്നതാണ് ഓണ്‍മീയുടെ രീതി. ഇതുവരെ ഓണ്‍ മീയുടെ ഉറവിടം കണ്ടെത്താനായിട്ടില്ല. അതുകൊണ്ടു തന്നെ സംശയം തോന്നുന്ന ഒരു ആപ്ലിക്കേഷനുകളും ഡൗണ്‍ലോഡ് ചെയ്യരുതെന്നാണ് സുരക്ഷാ വിദഗ്ധര്‍ നല്‍കുന്ന നിര്‍ദ്ദേശം.