മരിച്ചത് 1,763 പേര്‍, അയ്യായിരം പേരെ കാണാതായി; മരണപ്പെട്ടവരുടെ മൃതദേഹം കണ്ടെടുക്കാൻ ഒരു മാസം സമയമെടുക്കുമെന്ന് സർക്കാർ

ഇന്തോനേഷ്യയിൽ ഭൂകമ്പത്തിലും സുനാമിയിലും മരിച്ചവരുടെ എണ്ണം 1763 ആയി. മരണസംഖ്യ ഇനിയും വർദ്ധിക്കുമെന്നാണ് സൂചനകൾ.ഇപ്പോഴും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്.. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ഇതുവരെ 1763 പേരുടെ മൃതദേഹമാണ് കിട്ടിയതെന്ന് ദുരന്തനിവാരണ സേന സ്ഥിരീകരിച്ചു. ദുരന്തത്തിൽ തുടര്‍ന്ന് അയ്യായിരത്തിലധികം പേരെ കാണാതായിട്ടുണ്ടെന്നാണ് സൂചന. റിക്ടര്‍ സ്കെയിലില്‍ 7.5 രേഖപ്പെടുത്തിയ ഭൂകമ്പത്തിന് പിന്നാലെ വന്ന സുനാമി പാലു, സുലവേസി എന്നിവിടങ്ങളെയാണ് പൂര്‍ണ്ണമായും തകര്‍ത്തത്.

മരിച്ച മുഴുവന്‍ പേരുടെയും മൃതദേഹം കണ്ടെടുക്കണമെങ്കില്‍ ഒരു മാസമെടുക്കുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുന്നത്. ഗതാഗത സൗകര്യങ്ങള്‍ പൂര്‍ണ്ണമായി തകര്‍ന്ന അവസ്ഥയാണ് പലയിടങ്ങളിലും. ഇവിടങ്ങളിലെ വാര്‍ത്താവിനിമയ സൗകര്യങ്ങളും നിലച്ചിരിക്കുകയാണ്.. പൊതുവിതരണം, ആശുപത്രികളുള്‍പ്പെടെയുള്ള ചികിത്സാ സംവിധാനങ്ങള്‍ എന്നിവയും പുനസ്ഥാപിക്കപ്പെട്ടിട്ടില്ല. ഏതാണ്ട് 16 ലക്ഷത്തിലധികം പേരാണ് ഭവനരഹിതരായിരിക്കുന്നത്.

എന്നാൽ സര്‍ക്കാറിന്റെ രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമല്ലെന്ന് ചൂണ്ടികാട്ടി വിവിധ ഇടങ്ങളില്‍ പ്രതിഷേധം പുകയുകയാണ്. കഴിഞ്ഞ ദിവസം മുതല്‍ ഒരാളെപ്പോലും അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ജീവനോടെ പുറത്തെടുക്കാനായിട്ടില്ല. രക്ഷാപ്രവര്‍ത്തനം ആരംഭിക്കുന്നതിലും ഏകോപിപ്പിക്കുന്നതിലും സര്‍ക്കാര്‍ സംവിധാനങ്ങള്‍ പരാജയമാണെന്നും വിമര്‍ശനമുണ്ട്. വിമര്‍ശനങ്ങളെ ശരി വെക്കുന്ന തരത്തില്‍ നേരത്തെ ഗവണ്‍മെന്റ് പ്രസ്താവന ഇറക്കിയിരുന്നു. രക്ഷാപ്രവര്‍ത്തനത്തിന് ആവശ്യമായ ഉപകരണങ്ങളോ, പ്രാപ്തരായ രക്ഷാപ്രവര്‍ത്തകരോ നിലവില്‍ രാജ്യത്തില്ലെന്നായിരുന്നു ഗവണ്‍മെന്റ് പറഞ്ഞത്.