പിടിവിടാതെ മീ ടു; വെളിപ്പെടുത്തലുകള്‍ തുടരുന്നു

കൂടുതൽ പ്രമുഖര്‍ക്കെതിരെ വെളിപ്പെടുത്തലുകളുമായി മീ ടു ക്യാമ്പയിൻ. ഇത് വരെ പുറത്ത് വന്ന ആരോപണങ്ങളില്‍ വിവരങ്ങൾ ശേഖരിച്ച് രണ്ടാംഘട്ട മീടൂ കാമ്പയിന്റെ ഭാഗമായുള്ള വെളിപ്പെടുത്തലുകള്‍ തുടരുകയാണ്.

എഴുത്തുകാരായ വരുണ്‍ ഗ്രോവര്‍, ചേതന്‍ ഭഗത്, നിര്‍മ്മാതാവ് ഗൌവ് രംഗ് ദോഷി, മാധ്യമ പ്രവര്‍ത്തകരായ പ്രശാന്ത് ജാ, കെ ആര്‍ ശ്രീനിവാസന്‍, ഗൌതം അധികാരി തുടങ്ങി നിരവധി പ്രമുഖര്‍ക്കെതിരായി ആരോപണം ഉയര്‍ന്നു കഴിഞ്ഞു. ബിജെപി എംപിയും വിദേശകാര്യ സഹമന്ത്രിയുമായ എം ജെ അക്ബര്‍ മാധ്യമ പ്രവര്‍ത്തകനായിരുന്ന കാലത്ത് നടത്തിയ ലൈംഗീകാതിക്രമം അഞ്ച് മാധ്യമ പ്രവര്‍ത്തകര്‍ വെളിപ്പെടുത്തിയത് കഴിഞ്ഞ ദിവസമാണ്. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് വിദേശകാര്യമന്ത്രാലയം പ്രധാനമന്ത്രിക്ക് സമര്‍പ്പിച്ചതായാണ് വിവരം. ഇതേ തുടർന്ന് ബി.ജെ.പി രാജ്യസഭാംഗവും വിദേശകാര്യ സഹമന്ത്രിയുമായ എം.ജെ അക്ബറിനെതിരെ കൂടുതല്‍ വനിതാ മാധ്യമ പ്രവര്‍ത്തകര്‍ രംഗത്ത് വന്ന സാഹചര്യത്തില്‍ മന്ത്രിപദത്തില്‍ നിന്നും നീക്കിയേക്കുമെന്നാണ് സൂചനകൾ.

നാനാ പടേക്കര്‍ക്കെതിരായ കേസില്‍ തനുശ്രീ ദത്തയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. നാനാ പടേക്കര്‍ അടക്കമുള്ള ആരോപണ വിധേയരോട് 10 ദിവസത്തിനകം മറുപടി സമര്‍പ്പിക്കാന്‍ മഹാരാരാഷ്ട്ര വനിത കമ്മീഷന്‍ ആവശ്യപ്പെട്ടുണ്ട്. ആരോപണ വിധേയര്‍ പ്രമുഖരാണെന്നതിനാല്‍ വെളിപ്പെടുത്തലിനൊപ്പം നിയമ നടപടിയും സംരക്ഷണവും ഉറപ്പാക്കണമെന്ന അഭിപ്രായവും ഉയര്‍ന്നിട്ടുണ്ട്.