സാലറി ചലഞ്ചിനെ എതിർത്തു; ബിശ്വനാഥ് സിൻഹയ്ക്ക് പൊതുഭരണസെക്രട്ടറി സ്ഥാനം നഷ്ടമായി

സാലറിചലഞ്ചിൽ അഭിപ്രായവ്യത്യാസം പ്രകടിപ്പിച്ച പൊതുഭരണ പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹയെ അപ്രധാന വകുപ്പിലേക്ക് മാറ്റി. പാർലമെന്ററികാര്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായാണ് നിയമനം. തുറമുഖം, ഉദ്യോഗസ്ഥ ഭരണ പരിഷ്കാരം എന്നീ വകുപ്പുകളുടെ ചുമതലയും അദ്ദേഹത്തിനുണ്ടായിരുന്നു. ആ വകുപ്പുകൾ രണ്ട് മുതിർന്ന ഐ.എ.എസ്. ഉദ്യോഗസ്ഥർക്കു വിഭജിച്ചു നൽകി.

പൊതുഭരണ സെക്രട്ടറിയായി ചുമതലയേറ്റപ്പോൾ മുതൽ സെക്രട്ടേറിയറ്റിലെ ഇടതുസംഘടനയുമായി ബിശ്വനാഥ് സിൻഹ ഇടഞ്ഞുനിൽക്കുകയായിരുന്നു. സാലറി ചലഞ്ച് എന്ന ആവശ്യം മുഖ്യമന്ത്രി ഉന്നയിച്ചപ്പോൾത്തന്നെ ഗ്രോസ് സാലറി നൽകാനാവില്ലെന്നും നെറ്റ് സാലറി നൽകാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടത് സംഘടനകളെ ചൊടിപ്പിച്ചു. തുടർന്ന് ആർജിതാവധി സറണ്ടർ ചെയ്ത് നല്കാമെന്ന് അദ്ദേഹം അറിയിച്ചു. നിലവിലെ സാഹചര്യത്തിൽ അതിനുകഴിയില്ലെന്ന് സൂചിപ്പിച്ച് അഭ്യർഥന സർക്കാർ നിരസിച്ചു.

സെക്രട്ടേറിയറ്റിൽ തസ്തിക വെട്ടിക്കുറയ്ക്കൽ, പഞ്ചിങ് തുടങ്ങിയ വിഷയങ്ങളിൽ ജീവനക്കാരോട് ഇടഞ്ഞ സിൻഹക്കെതിരെ മുഖ്യമന്ത്രിയുടെ മുന്നിലും പരാതി എത്തിയിരുന്നു. ഒരുവർഷത്തേക്ക് മേളകൾ ഒഴിവാക്കൽ തുടങ്ങി അടുത്തിടെ പൊതുഭരണവകുപ്പ് പുറത്തിറക്കിയ ചില ഉത്തരവുകളും വിവാദമായായി.