കോൺഗ്രസ് നേതാവിന്റെ ഭാര്യ ബിജെപിയിൽ അംഗത്വം സ്വീകരിച്ച് മണിക്കൂറുകൾക്കകം തിരികെ കോൺഗ്രസിൽ ചേർന്നു

ഹൈദരാബാദ്: കോൺഗ്രസ് നേതാവിന്റെ ഭാര്യ ബിജെപിയിൽ അംഗത്വം സ്വീകരിച്ച് മണിക്കൂറുകൾക്കകം തന്നെ തിരികെ കോൺഗ്രസിൽ ചേർന്നു. തെലുങ്കാനയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ സി. ദാമോദര്‍ രാജനാരസിംഹയുടെ ഭാര്യ പദ്മിനി റെഡ്ഡിയാണ് രാവിലെ ബിജെപിയില്‍ ചേര്‍ന്ന് തിരികെ കോണ്‍ഗ്രസ് പാളയത്തിലേക്ക് എത്തിയത്.

വ്യാഴാഴ്ച രാവിലെ പദ്മിനി സംസ്ഥാന ബിജെപി അധ്യക്ഷൻ കെ ലക്ഷ്മണന്‍റെ സാന്നിധ്യത്തിൽ പാർട്ടി അംഗത്വം സ്വീകരിക്കുകയായിരുന്നു. തുടർന്ന് വൈകുന്നേരമായപ്പോൾ താൻ എടുത്ത തീരുമാനത്തിൽ നിന്ന് പദ്മിനി പിന്മാറുകയും രാത്രി ഒമ്പത് മണിയോടെ തിരികെ കോൺഗ്രസ് പാർട്ടിയിലേക്ക് വരുകയും ചെയ്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രവര്‍ത്തനങ്ങളില്‍ ഇഷ്ടപ്പെട്ടാണ് കോണ്‍ഗ്രസ് വനിതാ നേതാവ് ബിജെപിയില്‍ ചേര്‍ന്നത്. ഇത് സംബന്ധിച്ച് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി വി. മുരളീധര്‍ റാവു ട്വിറ്റ് ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ എല്ലാവരേയും ഞെട്ടിച്ചുകൊണ്ട് മണിക്കൂറുകള്‍ക്കകം നേതാവ് കാലുമാറി കോണ്‍ഗ്രസില്‍ തന്നെ കയറുകയായിരുന്നു.

വിട്ടത് കോൺഗ്രസ് പ്രവർത്തകർക്ക് വളരെ വിഷമമായെന്നും അതിനാലാണ് താൻ തിരികെ പാർട്ടിയിലേക്ക് വന്നതെന്നുമാണ് പദ്മിനിയുടെ പ്രതികരണം. അതേ സമയം വ്യക്തമായി കാര്യങ്ങൾ മനസ്സിലാക്കാൻ കഴിവുളള വ്യക്തിയാണ് പദ്മിനിയെന്നും അവരെടുത്ത തീരുമാനത്തെ അംഗീകരിക്കുന്നതായും തെലുങ്കാനയിലെ ബിജെപി വക്താവ് കൃഷ്ണ സാഗര്‍ റാവു അറിയിച്ചു. എന്നാൽ ഭിന്ന രാഷ്ട്രീയ ആശയങ്ങളിൽ വിശ്വസിക്കുന്നത് വ്യക്തിസ്വാതന്ത്ര്യമാണെന്ന് ഭാര്യയുടെ ബിജെപി പ്രവേശനത്തെ കുറിച്ച് രാജനരസിംഹ പ്രതികരിച്ചു.

വിഭജനത്തിന് മുന്‍പ് എന്‍.നിരണ്‍ കുമാര്‍ ഉപമുഖ്യമന്ത്രി പദവി അലങ്കരിച്ചിരുന്നയാളാണ് ദാമോദര്‍ രാജനാരസിംഹ. തിരഞ്ഞെടുപ്പ് വരാനിരിക്കുന്ന തെലുങ്കാനയിലെ പാര്‍ട്ടി മാനിഫസ്റ്റോ കമ്മറ്റിയംഗമാണ് അദ്ദേഹം. ഡിസംബർ ഏഴിനാണ് തെലുങ്കാനയിൽ നിയമസഭ തിരഞ്ഞെടുപ്പ്. ഡിസംബർ 11 ന് വോട്ടെണ്ണും. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ സംസ്ഥാനത്ത് പെരുമാറ്റ ചട്ടം നിലവിൽ വന്നിട്ടുണ്ട്.