എസ്ഐയുടെ വീട്ടില്‍ മോഷണം: രണ്ട് വര്‍ഷത്തിന് ശേഷം മോഷ്ടാവ് പിടിയിൽ

എസ്ഐയുടെ വീട്ടില്‍ നിന്ന് സ്വര്‍ണവും പണവും കവര്‍ന്നയാള്‍ രണ്ട് വര്‍ഷത്തിന് ശേഷം പിടിയിലായി. കോതമംഗലം സ്വദേശി ഷാജഹാനെയാണ് മഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്.

മലപ്പുറം സ്പെഷ്യല്‍ ബ്രാഞ്ച് എസ്ഐ ആയിരുന്ന അരവിന്ദാക്ഷന്‍റെ മഞ്ചേരിയിലെ വീട്ടില്‍ 2016 നവംബര്‍ 25നാണ് മോഷണം നടന്നത്. രണ്ട് വര്‍ഷമായിട്ടും പ്രതിയെ പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. ഇതിനിടെ കുപ്രസിദ്ധ മോഷ്ടാവ് ഷാജഹാന്‍ മോഷണത്തിനായി മഞ്ചേരിയിലെത്തിയിട്ടുണ്ടെന്ന രഹസ്യവിവരം കഴിഞ്ഞ ദിവസം പൊലീസിന് കിട്ടി.

പിടികൂടി വിരലടയാളം എടുത്തു. ഈ വിരലടയാളവും അരവിന്ദാക്ഷന്‍റെ വീട്ടില്‍നിന്ന് കിട്ടിയ വിരലടയാളവും ഒന്നാണെന്ന് വ്യക്തമായതോടെയാണ് മോഷണത്തിന്‍റെ ചുരുളഴിഞ്ഞത്. 17 പവന്‍ തൂക്കം വരുന്ന സ്വര്‍ണ്ണാഭരണങ്ങളും 4000 രൂപയുമാണ് അരവിന്ദാക്ഷന്‍റെ വീട്ടില്‍നിന്ന് ഷാജഹാന്‍ കവര്‍ന്നത്. വീട്ടില്‍ ആരുമില്ലാത്ത സമയം വാതില്‍ കുത്തിത്തുറന്ന് അകത്ത് കടക്കുകയായിരുന്നു.

മറ്റ് രണ്ട് മോഷണ വിവരങ്ങള്‍ കൂടി ചോദ്യം ചെയ്യലില്‍ ഷാജഹാന്‍ സമ്മതിച്ചിട്ടുണ്ട്. മലപ്പുറം മുണ്ടുപറന്പ് സ്കൂളില്‍നിന്ന് 30000 രൂപ കവര്‍ന്നതും പെരിന്തല്‍മണ്ണ ജനറല്‍ ആശുപത്രിയില്‍ ഡോക്ടറെ കാണാനെത്തിയ സ്ത്രീയുടെ രണ്ട് പവന്‍റെ മാല മോഷ്ടിച്ചതും.