മലയാള സിനിമയിലും വിവാദമുയർത്താൻ മീ ടു ക്യാമ്പയ്ൻ ;നിർണ്ണായകമായ ഡബ്ലിയു.സി.സി പത്രസമ്മേളനം ഇന്ന്

ലോകത്തെ പിടിച്ചുലച്ച മീടു ക്യാമ്പയിന്‍ മലയാള സിനിമയിലും സംഭവം വന്‍ വിവാദത്തിന് തിരികൊളുത്താന്‍ സാധ്യത. പ്രശസ്ത സാഹിത്യകാരന്‍ എന്‍.എസ് മാധവനാണ് ഇങ്ങനെയൊരു സൂചന നല്‍കുന്നത്. മലയാള സിനിമയിലെ വനിതാ സംഘടനയായ വുമണ്‍ ഇന്‍ സിനിമാ കലക്ടീവ് പ്രവര്‍ത്തകര്‍ ഇന്ന് വൈകിട്ട് മാധ്യമപ്രവര്‍ത്തകരെ കാണുന്നുണ്ട്.എറണാകുളത്തുള്ള മാധ്യമസുഹൃത്തുക്കൾ ഈ വാർത്താസമ്മേളനം ഒഴിവാക്കരുതെന്നാണ് എൻ എസ് മാധവന്റെ ട്വീറ്റ്. രേവതി, പത്മപ്രിയ, പാര്‍വതി തുടങ്ങിയവരാണ് വൈകിട്ട് വാര്‍ത്താസമ്മേളനം നടത്തുന്നത്. താരസംഘടനയായ അമ്മയില്‍നിന്നു കൂടുതല്‍ നടിമാര്‍ രാജിവയ്ക്കുന്നതടക്കമുള്ള നടപടികളുണ്ടാകുമെന്നും റിപ്പോര്‍ട്ടുണ്ട്.
താരസംഘടനയായ അമ്മയിലെ പ്രധാനിയും സിപിഎം എം.എല്‍.എയുമായ മുകേഷിന്റെ പേരാണ് മലയാള സിനിമയില്‍ നിന്ന് മീടുവിലൂടെ പുറത്തുവന്നത്. വരും നാളുകളിലും മലയാള സിനിമാരംഗത്ത് നിന്ന് മീടുവിലൂടെ ചില പേരുകള്‍ കൂടി പുറത്തുവരുമെന്ന് പ്രചരിച്ചിരുന്നു.