ഡ്രൈവറില്ലാ ടാക്സി ഇന്ന് മുതൽ ദുബായിലും

ഡ്രൈവറില്ലാ ടാക്സി ഇനി ദുബായിലും. ഇന്ന് മുതൽ ദുബായ് നഗരത്തിൽ ഡ്രൈവറില്ലാത്ത ടാക്സികൾ ഒാടുന്നത് കണ്ടാൽ അതിശയിക്കേണ്ട. ഗൾഫിലെ ആദ്യത്തെ ഡ്രൈവർരഹിത ടാക്സി ഇന്ന് നിരത്തിലിറങ്ങുമെന്ന് ആർടിഎ അറിയിച്ചു. ഇന്ന് ദുബായ് ട്രേഡ് സെന്ററിൽ ആരംഭിക്കുന്ന ജൈറ്റക്സ് ടെക്നോളജി വാരത്തോടനുബന്ധിച്ചാണ് ഇത്തരം ടാക്സികൾ പ്രത്യേക്ഷപ്പെടുക.

ദുബായ് മെട്രോ, ട്രാം എന്നിവയിലെ യാത്രക്കാർക്ക് ഇവ ഏറെ പ്രയോജനം ചെയ്യുമെന്ന് വിശ്വസിക്കുന്നതായി ആർടിഎ ചെയർമാൻ മത്തർ അൽ തായർ പറഞ്ഞു. ദുബായ് സിലിക്കോൺ ഒയാസിസിലെ പ്രത്യേക സ്ഥലങ്ങളിലൂടെയായിരിക്കും ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങൾ ഏർപ്പെടുത്തിയ ടാക്സി സഞ്ചരിക്കുക. സിലിക്കൺ ഒയാസിസ്, ഡിജി വേൾഡ് എന്നിവയുടെ സഹകരണത്തോടെ റോബട്ട്, ആർടിഫിഷ്യൽ ആപ്ലിക്കേഷൻ എന്നിവയുടെ അടിസ്ഥാനത്തിലാണ് ടാക്സി നിർമിച്ചിട്ടുള്ളത്. ക്യാമറകൾ, ട്രാഫിക്, റോഡ‍ിന്റെ അവസ്ഥ എന്നിവ കാണാവുന്ന സെൻസർ, മറ്റു വാഹനങ്ങളുമായി കൂട്ടിയിടിക്കാതിരിക്കാനുള്ള സംവിധാനം എന്നിവ ഏർപ്പെടുത്തിയാണ് ഡ്രൈവർ രഹിത ടാക്സികൾ നിര്‍മിച്ചിട്ടുള്ളത്. ദുബായ് മെട്രോയിലെ ശുചീകരണതൊഴിലാളികൾ, ത്രിഡി പ്രിന്റഡ് മെട്രോ സ്പെയർ പാർ‌ട്സ്, നിർമ്മിത ബുദ്ധി ഉപയോഗിച്ചുള്ള ചാറ്റ് ബോട് സംവിധാനം എന്നിവയും ജൈറ്റക്സിൽ അവതരിപ്പിക്കും. ദുബായ് 2030 നകം ദുബായിലെ ആകെ യാത്രയുടെ 25 ശതമാനം ഇത്തരം ടാക്സികളിലാക്കി മാറ്റുകയാണ് ലക്ഷ്യം.