വാട്‍സ്ആപ്പ് ഗ്രൂപ്പിൽ പോസ്റ്റിട്ടതിന് ഇരുപതോളം പേരടങ്ങിയ സംഘം യുവാവിനെ കുത്തിക്കൊന്നു

വാട്‌സ്‌ആപ്പ് ഗ്രൂപ്പില്‍ പോസ്റ്റിട്ടതിന് യുവാവിനെ കുത്തിക്കൊന്നു. മഹാരാഷ്ട്രയിലെ ഔറംഗബാദിലുള്ള ഫാത്തിമനഗറിലാണ് ദാരുണ സംഭവം നടന്നത്. റിയല്‍ എസ്റ്റേറ്റ് ബ്രോക്കറായ മൊയിന്‍ മെഹ്മൂദ് എന്ന 35 കാരനാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രിയാണ് കൊലപാതകം നടന്നത്. ഇരുപതോളം പേരടങ്ങിയ സംഘമാണ് കൊലക്കുപിന്നിലെന്ന് പോലീസ് പറയുന്നു.

പ്രദേശത്ത് രണ്ട് സംഘങ്ങൾ തമ്മിലുള്ള പ്രശ്നമാണ് കൊലപാതകത്തിൽ കലാശിച്ചത് . ഗ്രൂപ്പിലെ അംഗങ്ങളെ പ്രകോപിപ്പിച്ചുകൊണ്ട് മെഹ്മൂദ് ഗ്രൂപ്പില്‍ ഒരു സന്ദേശം പോസ്റ്റ് ചെയ്തതാണ് കൊലപാതകത്തിന് കാരണം. ഇതില്‍ കുപിതരായ ഇരുപതോളം യുവാക്കളാണ് ആയുധങ്ങളുമായി എത്തുകയും മെഹ്മൂദിനെ കുത്തി കൊലപ്പെടുത്തുകയുമായിരുന്നു. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്. പ്രതികളെ ഉടൻ പിടികൂടുമെന്നും പോലീസ് അറിയിച്ചു. സ്ഥലത്ത് പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.