ആക്ടിവിസം കാണിക്കാനുള്ള സ്ഥലമല്ല ശബരിമല; വിശ്വാസികളായ സ്ത്രീകൾക്ക് മാത്രമാണ് സംരക്ഷണം നൽകേണ്ടത്; പൊലീസിനോട് മടങ്ങിപ്പോവാൻ നിർദ്ദേശം നൽകി ദേവസ്വംമന്ത്രി

യുവതികളെ സന്നിധാനത്തേക്ക്‌ എത്തിക്കാനുള്ള പൊലീസ് നീക്കത്തിനെതിരെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. വിശ്വാസികള്‍ക്ക് ശബരിമലയിലെത്താന്‍ എല്ലാ വിധ സംരക്ഷണം നല്‍കുമെന്നും എന്നാല്‍ ആക്‌ടിവിസ്‌റ്റുകള്‍ക്ക് ശക്തി തെളിയിക്കാനുള്ള ഇടമായി ശബരിമലയിലെ പുണ്യഭൂമിയെ മാറ്റില്ലെന്നും ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി.

ഭക്തരായിട്ടുള്ള ആളുകള്‍ വന്നാല്‍ സംരക്ഷണം കൊടുക്കാന്‍ സര്‍ക്കാരിന് ഉത്തരവാദിത്വം ഉണ്ട്. എന്നാല്‍ ഇപ്പോള്‍ ആക്ടിവിസ്റ്റുകളായിട്ടുള്ളവര്‍ ഇപ്പോള്‍ സന്നിധാനത്തേക്ക് പോകാന്‍ ശ്രമിച്ചുവെന്നാണ് മനസിലാക്കുന്നത്. ആക്ടിവിസ്റ്റുകള്‍ സന്നിധാനത്തേക്ക് കടക്കാന്‍ ശ്രമിച്ചപ്പോഴാണ് സര്‍ക്കാര്‍ ഇടപെടുന്നത് എന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

പൊലീസ് കൂടുതല്‍ ജാഗ്രത പാലിക്കണമായിരുന്നെന്ന് മന്ത്രി പറഞ്ഞു. ആളുകളെ മനസിലാക്കി വേണമായിരുന്നു സംരക്ഷണം നല്‍കാന്‍. ഇപ്പോള്‍ കയറിയവര്‍ ഭക്തരല്ല. ഇവരുടെ താല്പര്യം സംരക്ഷിക്കാന്‍ താല്പര്യമില്ലെന്നും അറിയിച്ചു. അതേസമയം, സുപ്രീം കോടതി വിധിയോട് നീതി പുലര്‍ത്തുമെന്നും മന്ത്രി പറഞ്ഞു. പ്രശ്‌നങ്ങള്‍ വഷളാക്കാന്‍ പൊലീസ് കൂട്ടുനില്‍ക്കരുത്. രണ്ട് യുവതികള്‍ പൊലീസ് സുരക്ഷയില്‍ നടപന്തലിലേക്ക് എത്തിയതിന് പിന്നാലെയാണ് ദേവസ്വം മന്ത്രിയുടെ പ്രതികരണം.

ശബരിമലയിലേക്ക് പൊലീസ് അകമ്പടിയോടെ മല കയറാന്‍ എത്തിയ യുവതികള്‍ നടപ്പന്തലില്‍ യാത്ര നിര്‍ത്തി. ഹൈദരാബാദില്‍ നിന്നെത്തിയ മാധ്യമപ്രവര്‍ത്തക കവിതയും എറണാകുളം സ്വദേശിയായ ആക്ടിവിസ്റ് രഹനാ ഫാത്തിമയുമാണ് ഇന്ന് മലകയറാന്‍ യാത്ര പുറപ്പെട്ടത്. നടപ്പന്തല്‍ വരെ പൊലീസ് അകമ്പടിയില്‍ ഇവര്‍ എത്തിയിരുന്നു. തുടര്‍ന്നാണ് ഭക്തരുടെ പ്രതിഷേധം രൂക്ഷമായത്.

തങ്ങളുടെ നെഞ്ചില്‍ ചവിട്ടി മാത്രമെ സന്നിധാനത്തേക്ക് കടക്കാനാവു എന്ന നിലപാടാണ് പ്രതിഷേധക്കാര്‍ സ്വീകരിക്കുന്നത്. ഐജി ശ്രീജിത്ത് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടിരുന്നു. സ്ഥിതിഗതികള്‍ കൈവിട്ടു പോകുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിക്കരുത് എന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ഐജി ശ്രീജിത്തിന് നിര്‍ദേശം നല്‍കിയെന്നാണ് സൂചന.