പൂജയില്‍ മേല്‍ശാന്തിമാരെ സഹായിക്കാന്‍ വേണ്ടിയാണ് പരികര്‍മ്മികളുള്ളത്; അവരുടെ ജോലി സമരം ചെയ്യലല്ല; വിമര്‍ശനവുമായി ദേവസ്വം ബോര്‍ഡംഗം

പത്തനംതിട്ട: ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചാല്‍ നടയടക്കുമെന്ന തന്ത്രിയുടെ നിലപാടിനെതിരെ ദേവസ്വം ബോര്‍ഡംഗം കെ.പി ശങ്കര്‍ദാസ് രംഗത്ത്. ആചാരങ്ങള്‍ ലംഘിച്ചാല്‍ നടയടയ്ക്കുമെന്ന കണ്ഠരര് രാജീവരുടെ സമീപനത്തോട് യോജിപ്പില്ലെന്നും പരികര്‍മ്മികളുടെ പ്രതിഷേധം ക്ഷേത്രത്തിന് കളങ്കം വരുത്തി എന്നും അദ്ദേഹം വ്യക്തമാക്കി.

കോടതി വിധി അംഗീകരിക്കാന്‍ തന്ത്രി ബാധ്യസ്ഥനാണ്. അത് പാലിക്കപ്പെടാത്ത സാഹചര്യത്തില്‍ തന്ത്രിയുടെ നടപടി കോടതി വിധിയുടെ ലംഘനമാകും. പതിനെട്ടാം പടിക്ക് സമീപം പ്രതിഷേധം നടത്തിയ പരികര്‍മികളോട് ദേവസ്വം ബോര്‍ഡ് വിശദീകരണം തേടിയിട്ടുണ്ട്. പൂജയില്‍ മേല്‍ശാന്തിമാരെ സഹായിക്കുക എന്നതാണ് പരികര്‍മികളുടെ ജോലി, സമരം ചെയ്യലല്ലെന്നും ശങ്കര്‍ദാസ് പറയുന്നു. പൂജയില്‍ മേല്‍ശാന്തിമാരെ സഹായിക്കാന്‍ വേണ്ടിയാണ് പരികര്‍മ്മികളുള്ളത്. അവരുടെ ജോലി സമരം ചെയ്യലല്ല അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസം രഹ്ന ഫാത്തിമയും ആന്ധ്രാ സ്വദേശിനിയായ മാധ്യമപ്രവര്‍ത്തക കവിതയും സന്നിധാനത്തേയക്ക് പോകാന്‍ എത്തിയെങ്കിലും നടപ്പന്തലില്‍ യാത്ര അവസാനിപ്പിക്കേണ്ടി വന്നു. യുവതികള്‍ നട എത്തിയാല്‍ ശ്രീകോവില്‍ അടച്ച്‌ താക്കോല്‍ പന്തളം കൊട്ടാരത്തെ ഏല്‍പ്പിക്കുമെന്ന് തന്ത്രി മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്നായിരുന്നു ഇത്. ആചാരലംഘനം നടന്നാല്‍ നടയടച്ച്‌ താക്കോല്‍ ഏല്‍പ്പിക്കണമെന്ന് പന്തളം കൊട്ടാരത്തില്‍ നിന്നും തന്ത്രിക്ക് അറിയിപ്പ് കിട്ടിയിരുന്നു