മഞ്ജുവിന് മലകയറാൻ അനുമതിയില്ല

മഞ്ജുവിന് മലകയറാൻ അനുമതിയില്ല. സന്നിധാനത്ത് പോകാനുള്ള അനുമതി നിഷേധിച്ചിരിക്കുകയാണ് പൊലീസ്.  മഞ്ജുവിന്റെ പേരില്‍ ക്രിമിനല്‍ കേസുള്ളതിലാണ് അനുമതി നിഷേധിച്ചത്. ഇവരുടെ പേരില്‍ കേസുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം പൊലീസിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷം മതി മഞ്ജുവിന് മല കയറാന്‍ അനുമതി നല്‍കുന്നതെന്നും പൊലീസ് തീരുമാനിച്ചിട്ടുണ്ട്.

കൊല്ലം ചാത്തന്നൂര്‍ സ്വദേശിനിയാണ് മഞ്ജു. നിലിവലെ പ്രശ്‌നങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തി മഞ്ജുവിനെ പിന്തിരിപ്പിക്കാന്‍ പൊലീസിന്റെ ഭാഗത്ത് നിന്ന് ശ്രമങ്ങള്‍ ഉണ്ടായി എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഭക്തയായിട്ടാണ് താന്‍ എത്തിയിരിക്കുന്നത് എന്നും പിന്‍മാറാന്‍ തയ്യാറല്ലെന്നും മഞ്ജു അറിയിച്ചിരുന്നു. ഇതോടെ മഞ്ജുവിന് സുരക്ഷയൊരുക്കാന്‍ പൊലീസ് തയ്യാറാവുകയായിരുന്നു. മഞ്ജുവിന്റെ പശ്ചാത്തലം പരിശോധിച്ചതിന് ശേഷം മാത്രമേ മലകയറാന്‍ അനുവദിക്കൂ എന്ന് വ്യക്തമാക്കിക്കൊണ്ടായിരുന്നു ഇത്.

ഇവരുടെ പേരില്‍ ഏഴോളം കേസുകളുണ്ടായിരുന്നുവെന്നും എന്നാല്‍ ഇപ്പോള്‍ നാലെണ്ണം മാത്രമാണ് നിലവിലുള്ളത് എന്നാണ് വിവരം. വര്‍ക്കലയില്‍ ഒരു സ്വാമിയെ മര്‍ദ്ദിച്ചതിന് കേസുണ്ട്. കൊല്ലം സിറ്റി, കൊല്ലം റൂറല്‍, പത്തനംതിട്ട എന്നിവിടങ്ങളില്‍ 15 കേസുകള്‍. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി തടസപ്പെടുത്തി, സ്വാമി, ഡോക്ടര്‍ എന്നിവരെ ആക്രമിച്ചു തുടങ്ങിയ കേസുകളും ഉണ്ട്.

പൊലീസിന്‍റെ രഹസ്യന്വേഷണ വിഭാഗമാണ് മഞ്ജുവിനെകുറിച്ച്‌ അന്വേഷണം നടത്തിയത്. ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നിനായിരുന്നു മഞ്ജു ശബരിമല കയറാന്‍ എത്തിയത്. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ തനിക്ക് സുരക്ഷ ഒരുക്കണമെന്നും മഞ്ജു ആവശ്യപ്പെട്ടിരുന്നു.