കർണാടകത്തിലെ പള്ളിയിൽ യുവാവ് തൂങ്ങിമരിച്ചനിലയിൽ; മലയാളിയെന്ന് സംശയം

hangman noose with a dramatic background

ചോരകൊണ്ട് മലയാളത്തിൽ ‘ലത’ എന്നെഴുതിയതിനുശേഷം യുവാവ് പള്ളിക്കുള്ളിൽ തൂങ്ങിമരിച്ചു. 25 വയസ്സ് തോന്നിക്കുന്ന യുവാവിനെ തിരിച്ചറിഞ്ഞിട്ടില്ല. മലയാളി ആണെന്ന് പോലീസ് സംശയം പ്രകടിപ്പിച്ചു

കർണാടക ചാമരാജ്‌പേട്ടിലെ സെയ്ന്റ് ലൂക്ക പള്ളിയിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. പള്ളിക്കുള്ളിൽ സ്ഥാപിച്ചിരുന്ന ക്യാമറയിലെ ദൃശ്യങ്ങൾ പരിശോധിച്ചതിൽനിന്ന് ഇയാൾ നാലുമണിക്കൂറിനിടെ മൂന്നുതവണ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നതായി പോലീസ് കണ്ടെത്തി. നാലാമത്തെ ശ്രമത്തിലാണ് ഷർട്ടഴിച്ച് കോണിപ്പടികളുടെ കൈപ്പിടിയിൽ കെട്ടി യുവാവ് തൂങ്ങിമരിച്ചത്.

പള്ളിയിലെ യോഗത്തിനെത്തിയ കമ്മിറ്റിയംഗമാണ് മൃതദേഹം ആദ്യമായി കാണുന്നത്. തുടർന്ന് ഇയാൾ പള്ളിയധികൃതരെയും പോലീസിനെയും വിവരമറിയിക്കുകയായിരുന്നു. പള്ളിയുടെ തൊട്ടടുത്ത് സ്ഥിതിചെയ്യുന്ന കെട്ടിടങ്ങളിലൂടെയോ സമീപത്തെ മരത്തിലൂടെയോ ആണ് ഇയാൾ പള്ളിക്കുള്ളിൽ കയറിയതെന്നാണ് പോലീസിന്റെ നിഗമനം.

ആദ്യതവണ പള്ളിയിലുണ്ടായിരുന്ന തുണി ഉപയോഗിച്ച് തൂങ്ങിമരിക്കാനാണ് ഇയാൾ ശ്രമിച്ചത്. എന്നാൽ, തുണിപൊട്ടി നിലത്തുവീണ് ഇയാൾക്ക് സാരമായ പരിക്കേറ്റു. രണ്ടാമത്തെ തവണ പൊട്ടിക്കിടന്ന ഗ്ലാസ് വയറിൽ കുത്തിയിറക്കിയാണ് മരിക്കാൻ ശ്രമിച്ചത്. ഇതിനിടെ ചോരകൊണ്ട് തറയിൽ ‘ലത’ എന്നെഴുതുകയുംചെയ്തു. ഈ സമയം ഇയാൾ വേദനകൊണ്ട് പുളയുന്നതും ദൃശ്യങ്ങളിൽ കാണാം. തുടർന്ന് ടെറസിലേക്ക്‌ കയറിയ യുവാവ് താഴേക്കു ചാടി. ലിന്റലിൽ തട്ടി ഈ ശ്രമവും പരാജയപ്പെട്ടു. പിന്നീട് ഷർട്ടൂരി കോണിപ്പടിയുടെ കൈവരിയിൽ കെട്ടി കഴുത്തിൽ കുരുക്കിട്ട് താഴേക്കുചാടുകയായായിരുന്നു.

മൃതദേഹം വിക്ടോറിയ ആശുപത്രിമോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അസ്വാഭാവികമരണത്തിന് കേസെടുത്ത വി.വി. പുരം പോലീസ് യുവാവിനെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ്.