ഐ ജി മനോജ് എബ്രഹാമിനെതിരെ വധഭീഷണി; ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍

ശബിമല പ്രതിഷേധങ്ങള്‍ക്കിടെ ഐജി മനോജ് എബ്രഹാമിനെ അധിക്ഷേപിച്ച സംഭവത്തില്‍ ഒരു ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍. ഐജി മനോജ് എബ്രഹാമിനെ കുളിപ്പിച്ചു കിടത്തുമെന്ന് ഫേസ്ബുക്ക് പോസ്റ്റിട്ട ബി ജെ പി നേതാവ് അറസ്റ്റില്‍. വെങ്ങന്നൂര്‍ സ്വദേശി അരുണിനെയാണ് വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തത്. ബിജെപി കോവളം ഇരുപതാം വാര്‍ഡിന്റെ വൈസ് പ്രസിഡണ്ടാണ് അരുണ്‍.

നിലയ്ക്കലില്‍ പ്രതിഷേധത്തിനിടെയാണ് ഇയാള്‍ ഐജിയെ അധിക്ഷേപിച്ച്‌ സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ടത്. പിന്നാലെ ഐജിക്കെതിരെ ഇയാള്‍ വധഘ ഭീഷണിയും മുഴക്കിയിരുന്നു. പ്രതിക്കെതിരെ ഐടി ആക്‌ട് പ്രകാരവും , അസഭ്യം പറഞ്ഞതിനും കേസ് എടുത്തു. അറസ്റ്റിലായ അരുണിനെ ജാമ്യത്തിലെടുക്കാനായി ഒരു വിഭാഗം ബിജെപി പ്രവര്‍ത്തകര്‍ സ്റ്റേഷന് മുന്നില്‍ തടിച്ച്‌ കൂടിയത് നേരിയ സംഘര്‍ഷത്തിന് കാരണമായി.

മനോജ് എബ്രഹാമിനെ ഫേസ്ബുക്കിലൂടെ അധിക്ഷേപിച്ച പോസ്റ്റ് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും അതിന് തയ്യാറാകാത്തതിനെ തുടര്‍ന്ന് തിരുവനന്തപുരം സ്വദേശികളായ 13 പേര്‍ക്കെതിരെ പൊലീസ് നേരത്തേ കേസെടുത്തിരുന്നു. ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ടുള്ള പ്രതിഷേധങ്ങള്‍ക്ക് പിറകെ പൊലീസിന് നേരെ സമൂഹമാധ്യമങ്ങളിലൂടെ കടുത്ത അധിക്ഷേപമായിരുന്നു ചിലര്‍ ഉയര്‍ത്തിവിട്ടത്. പൊലീസുകാരെ ഉപയോഗിച്ചുള്ള വ്യാജ ചിത്രങ്ങളും പോസ്റ്റുകളുമെല്ലാം ഇക്കൂട്ടര്‍ പ്രചരിപ്പിച്ചിരുന്നു. കൂടാതെ പൊലീസുകാര്‍ക്ക് നേരെ ജാതിയും മതവും തിരിച്ചുള്ള ആക്രമണങ്ങളും ഇക്കൂട്ടര്‍ അഴിച്ചുവിട്ടിരുന്നു.