24 മണിക്കൂറില്‍ കൂടുതല്‍ ശബരിമലയില്‍ ഒരാളും തങ്ങരുതെന്ന് പ്രത്യേക നിര്‍ദേശം

ശബരിമലയില്‍ പ്രശ്‌നമുണ്ടാക്കുന്ന പ്രതിഷേധക്കാര്‍ തമ്പടിക്കുന്നത് തടയാന്‍ പൊലീസ് നിയന്ത്രണം. 5000 പൊലീസുകാരയും, പരിസരങ്ങളിലെല്ലാം ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. ഒരു ദിവസത്തിനപ്പുറം സന്നിധാനത്ത് ആരെയും തങ്ങാന്‍ അനുവദിക്കില്ലെന്നാണ് പുതിയ തീരുമാനം.

ഒരു തീര്‍ത്ഥാടകനെപ്പോലും 16 മുതല്‍ 24 മണിക്കൂറിനപ്പുറം സന്നിധാനത്ത് താമസിക്കാന്‍ അനുവദിക്കേണ്ടെന്നാണ് തീരുമാനം. വനങ്ങളില്‍ തങ്ങുന്നത് ഒഴിവാക്കാനും കര്‍ശന നിരീക്ഷണം നടത്താനും പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന് വനംവകുപ്പിനോട് ആവശ്യപ്പെടും. മുറികളും ഒരു ദിവസത്തിനപ്പുറം നല്‍കരുതെന്ന് ദേവസ്വം ബോര്‍ഡിനോടും നിര്‍ദേശിക്കും. കൂടാതെ തീര്‍ഥാടകരുടെ തിരക്കും അനധികൃത വരവ് നിയന്ത്രിക്കാനുള്ള സംവിധാനങ്ങള്‍ നിലയ്ക്കലില്‍ ഒരുക്കി നല്‍കണമെന്ന് ദേവസ്വം ബോര്‍ഡിനോട് ആവശ്യപ്പെടും.

സുരക്ഷാജോലിക്കായി മണ്ഡലകാലത്തു ശബരിമലയില്‍ 5000 പൊലീസുകാരെ നിയമിക്കുമെന്നും ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കി. സന്നിധാനം, പമ്പ, നിലയ്ക്കല്‍, വടശ്ശേരിക്കര സ്റ്റേഷനുകളിലെ പൊലീസുകാരുടെ എണ്ണം വര്‍ദ്ധിപ്പിക്കും. സന്നിധാനത്തും പരിസരങ്ങളിലും കൂടുതല്‍ ക്യാമറകള്‍ സ്ഥാപിക്കും.