ശബരിമല സമരം: അറസ്റ്റിലായവരുടെ എണ്ണം 3,505 കഴിഞ്ഞു

തിരുവനന്തപുരം: സ്ത്രീപ്രവേശനത്തിനെതിരെ ശബരിമലയിലുണ്ടായ സംഘർഷത്തിൽ അറസ്റ്റിലായവരുടെ എണ്ണം 3,505 ആയി. 122 പേര്‍ റിമാന്‍ഡിലുമാണ്. അക്രമങ്ങളുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ 529 ആയി. 12 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കലാപശ്രമം നിരോധനാജ്ഞ ലംഘിച്ച് സംഘം ചേരല്‍, പൊതുമുതല്‍ നശിപ്പിക്കല്‍, പൊലീസിനെ ആക്രമിക്കല്‍, ഉദ്യോഗസ്ഥരെ കൃത്യനിര്‍വ്വഹണത്തില്‍ നിന്നും തടയല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് മിക്ക കേസുകളും രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

അതിനിടെ ശബരിമല അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് 210 പേരുടെ ഫോട്ടോ ആല്‍ബം കൂടെ പൊലീസ് തയ്യാറാക്കി. ഇത് ഇന്ന് പുറത്ത് വിടും. നേരത്തെ 420 പേരുടെ ഫോട്ടോയടങ്ങിയ ആല്‍ബം പൊലീസ് പുറത്ത് വിട്ടിരുന്നു.

മാധ്യമ പ്രവർത്തകരെയും പൊലീസിനെയും ആക്രമിച്ചവരുൾപ്പെടെ കടുത്ത അക്രമം കാട്ടിയ ഏതാനും പേരെ പിടികിട്ടാനുണ്ട്. പൊലീസിന്റെ ജോലി തടസപ്പെടുത്തിയവരും സ്‌ത്രീകളെ അസഭ്യം പറഞ്ഞവരുമായ 50 പേരും റിമാൻഡിലുണ്ട്. ജില്ലാ പൊലീസ് മേധാവിയുടെ ഔദ്യോഗിക വാഹനം, കെ.എസ്.ആർ.ടി.സി ബസുകൾ, മാദ്ധ്യമങ്ങളുടെ വാഹനങ്ങൾ എന്നിവ തകർത്തതിനു 3മുതൽ 13 ലക്ഷം വരെ നഷ്ടമുണ്ടായി. ഇത്രയും തുക കോടതിയിൽ കെട്ടിവച്ചാലേ ജാമ്യം ലഭിക്കൂ.