ശബരിമല പ്രവേശനത്തിന് ശ്രമിച്ച അധ്യാപികയ്ക്ക് ക്ലാസില്‍ കൂട്ട ശരണം വിളി

ശബരിമല പ്രവേശനത്തിന് ശ്രമിച്ച അധ്യാപികക്ക് നേരെ ക്ലാസില്‍ കുട്ടികളുടെ ശരണം വിളി. സംഭവത്തില്‍ അധ്യാപികയായ ബിന്ദു തങ്കം കല്യാണി (ടി.വി. ബിന്ദു) കുട്ടികള്‍ക്കെതിരേ പരാതിയുമായി സ്‌കൂള്‍ പ്രിന്‍സിപ്പലിനെ സമീപിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ക്യാമ്പസിൽ നിന്ന് സ്ഥലം മാറ്റം ലഭിച്ചതിനെ തുടര്‍ന്ന് തിങ്കളാഴ്ചയാണ് അഗളി ഗവണ്‍മെന്റ് വെക്കേഷണല്‍ ഹയർസെക്കണ്ടറി സ്‌കൂളിലെത്തിയത്.

തുടര്‍ന്ന്, ക്ലാസിലെത്തിയ അധ്യാപികയെ കുട്ടികള്‍ ശരണംവിളിച്ചാണ് എതിരേറ്റത്. ഇക്കാര്യത്തില്‍ ചൊവ്വാഴ്ചരാവിലെ സ്‌കൂള്‍ പ്രിന്‍സിപ്പലിനോട് പരാതി പറഞ്ഞിരുന്നു. എന്നാല്‍ ചൊവ്വാഴ്ചയും കുട്ടികളുടെ ഭാഗത്തുനിന്ന് ഇതേനടപടി ആവര്‍ത്തിച്ചതിനെത്തുടര്‍ന്ന് ബിന്ദു സ്‌കൂള്‍ പ്രിന്‍സിപ്പലിന് പരാതി എഴുതിനല്‍കി. പ്രിന്‍സിപ്പല്‍ ഹയര്‍സെക്കന്‍ഡറി വിഭാഗം കുട്ടികളുടെ അസംബ്ലി വിളിച്ചുചേര്‍ത്ത് കുട്ടികളെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തി. അധ്യാപികയും കുട്ടികളും തമ്മില്‍ സംസാരിച്ച്‌ പ്രശ്‌നങ്ങള്‍ പരിഹരിക്കുകയും ചെയ്തതായി സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.