തട്ടിപ്പ് കേസില്‍ പ്രതിയായ ജ്വല്ലറി ഉടമ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച നിലയില്‍

കോട്ടയം: നിക്ഷേപകരെ കബളിപ്പിച്ചെന്ന കേസില്‍ അറസ്റ്റിലായിരുന്ന കോട്ടയം കുന്നത്തുകളത്തില്‍ ഗ്രൂപ്പ് ഉടമ കെ.വി.വിശ്വനാഥന്‍ നഗരത്തിലെ സ്വകാര്യ ആശുപത്രി കെട്ടിടത്തില്‍ നിന്ന് വീണു മരിച്ച നിലയില്‍. വിശ്വനാഥനെ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഇവിടെ നിന്നും വിശ്വനാഥന്‍ പൊലീസിന്റെ കണ്ണുവെട്ടിച്ച്‌ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടിയെന്നാണ് വിവരം.

കോടികളുടെ കടബാധ്യത വന്നതോടെ പാപ്പരായി പ്രഖ്യാപിക്കണമെന്നും റിസീവറെ നിയമിക്കണമെന്നും ആവശ്യപ്പെട്ട് കോട്ടയം സബ് കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഇത് പരിഗണിച്ച്‌ കോടതി ഇദ്ദേഹത്തെ പാപ്പരായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ കുന്നത്തുകളത്തലിന്റെ സ്ഥാപനങ്ങളില്‍ പണം നിക്ഷേപിച്ചവര്‍ നടത്തിയ പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് വിശ്വനാഥനും കുടുംബാംഗങ്ങളും അറസ്റ്റിലായത്. കോടികളുടെ സാമ്പത്തിക ബാദ്ധ്യതയുടെ പേരില്‍ പാപ്പര്‍ ഹര്‍ജി സമര്‍പ്പിച്ച വിശ്വനാഥനും ഗ്രൂപ്പ് ഉടമളായ ഭാര്യയ്ക്കും മകള്‍ക്കും മരുമകനുമെതിരെ പൊലീസ് 14 കേസുകള്‍ ചുമത്തിയിരുന്നു.