സുപ്രീം കോടതി വിധിക്കെതിരെ നടക്കുന്ന സമരം കേരളത്തെ നൂറ്റാണ്ട് പിന്നോട്ട് നടത്താനുള്ള നീക്കം – എം.ടി വാസുദേവന്‍ നായര്‍

ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച സുപ്രീംകോടതി വിധിക്കെതിരെ നടക്കുന്ന സമരം കേരളത്തെ നൂറ്റാണ്ട് പിന്നോട്ട് നടത്താനുള്ള നീക്കമാണെന്ന് എം. ടി വാസുദേവന്‍ നായര്‍. നവോത്ഥാനത്തിലൂടെ പുതിയ സംസ്‌കാരമഹിമ ആര്‍ജ്ജിച്ച കേരളത്തിന് അപമാനമായ കാര്യങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നും നാടിന്റെ ഭാവി നല്ലതാകണമെന്ന് ആഗ്രഹിക്കുന്ന ആരും ഇതിനെ പിന്തുണയ്ക്കില്ലെന്നും ദേശാഭിമാനിക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

സ്ത്രീപ്രവേശനം ആകാമെന്ന കോടതിവിധിക്കെതിരെ സ്ത്രീകളെ സംഘടിപ്പിച്ചാണ് സമരം. ഇത് പിന്നോട്ടു പോകലാണ്. വിധി നടപ്പാക്കാനുള്ള സര്‍ക്കാര്‍ ശ്രമം പുരോഗമനപരമായ കാല്‍വെയ്പാണ്. ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ കാട്ടുന്ന ജാഗ്രതയും ഇടപെടലും കേരളത്തെ സ്‌നേഹിക്കുന്നവർക്ക് എതിര്‍ക്കാനാവില്ല.

‘ഇന്നലെ ചെയ്‌തോരബദ്ധം മൂഢര്‍ക്കിന്നത്തെ ആചാരമാവാം, നാളത്തെ ശാസ്ത്രമതാവാം, അതില്‍ മൂളായ്ക സമ്മതം രാജന്‍’ എന്ന് ആശാന്‍ കുറിച്ചതാണ് ഇവരെ ഓര്‍മ്മിപ്പിക്കാന്‍ ഉള്ളത്. വിധി നടപ്പാക്കാനുള്ള സര്‍ക്കാര്‍ ശ്രമം പുരോഗമനപരമാണ്. തെറ്റുകള്‍ തിരുത്തി മുന്നോട്ട് പോകാന്‍ നോക്കുമ്പോള്‍ ചിലര്‍ നമ്മളെ തിരിച്ച് നടത്തുകയാണ്. ഇത് അങ്ങേയറ്റം അപകടകരമാണെന്നും ഇവര്‍ ചരിത്രം മനസിലാക്കാത്തവരാണെന്നും എം.ടി പറഞ്ഞു.

ഗുരുവായൂരില്‍ നടന്ന ക്ഷേത്രപ്രവേശന സത്യഗ്രഹത്തെയും ഒരു വിഭാഗം ആളുകള്‍ എതിര്‍ത്തിരുന്നു. ഗുരുവായൂരപ്പന്റെ തേജസിന് കുറവ് വരുമെന്നായിരുന്നു അന്നത്തെ പ്രചാരണം. എന്നാല്‍, ആ തേജസിന് കുറവുണ്ടായിട്ടില്ലെന്ന് ദൈവവിശ്വാസികള്‍ക്ക് അറിയാം. തെറ്റുകള്‍ തെറ്റായി നിലനിര്‍ത്താമെന്ന് കരുതുന്നത് മൂഢത്തരമാണെന്ന് എം.ടി കുറ്റപ്പെടുത്തി.

സ്ത്രീയെ രണ്ടാംതരക്കാരാക്കി നില നിര്‍ത്താന്‍ സ്ത്രീകളെ ത്തന്നെ കരുവാക്കി പ്രശ്‌നമുണ്ടാക്കുകയാണ്. ഇന്നല്ലെങ്കില്‍ നാളെ എല്ലാവര്‍ക്കും ശരിയായ വഴി അംഗീകരിക്കേണ്ടി വരും. ചെയ്തത് തെറ്റെന്ന് തോന്നുന്ന നാള്‍ വരും. സ്ത്രീയോ ഏതെങ്കിലും ജാതിക്കാരനോ കടന്നു വന്നാല്‍ ഇല്ലാതാകുന്നതല്ല ദൈവീകശക്തി. അതിവിടെ തന്നെയുണ്ടാകുമെന്നും എം. ടി പറഞ്ഞു.