കേരളം കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍ – നടന്‍ ദേവന്‍

കൊച്ചി: കേരളം കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് നടന്‍ ദേവന്‍. കേരളകൗമുദിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ദേവന്‍ പിണറായിയെ പ്രശംസിച്ചത്. ‘പിണറായി വിജയന്‍ എന്തെല്ലാം നല്ല കാര്യങ്ങള്‍ കേരളത്തില്‍ ചെയ്യുന്നുണ്ട്. പക്ഷേ മാദ്ധ്യമങ്ങള്‍ അതൊന്നും ജനശ്രദ്ധയില്‍ കൊണ്ടുവരുന്നില്ല. പൊലീസ് വിഷയത്തില്‍ അല്ലാതെ മറ്റൊരു വിഷയത്തിലും ഈ സര്‍ക്കാര്‍ പിന്നോട്ട് പോയിട്ടില്ല.കേരളം കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിമാരില്‍ ഒരാളാണ് പിണറായി വിജയന്‍ എന്ന കാര്യത്തില്‍ സംശയമില്ല’ -ദേവന്‍ പറഞ്ഞു.

മാധ്യമങ്ങള്‍ക്കെതിരെ കടുത്ത വിമര്‍ശമാണ് ദേവന്‍ ഉന്നയിച്ചത്. ‘മാധ്യമങ്ങളുടെ ഇടപെടല്‍ പലപ്പോഴും അനാവശ്യമാണ്. കേരളത്തില്‍ അല്ലാതെ മറ്റൊരു സംസ്ഥാനത്തും മാധ്യമങ്ങള്‍ ഇത്ര അധികം സ്വാതന്ത്ര്യം എടുക്കുന്നത് കാണാനാകില്ല . കടക്ക് പുറത്ത് എന്ന് പിണറായി പറഞ്ഞതില്‍ ഒരിക്കലും തെറ്റ് പറയാന്‍ കഴിയില്ല’ -ദേവന്‍ കൂട്ടിച്ചേര്‍ത്തു.

പിണറായിയെ പ്രശംസിച്ചതിനൊപ്പം പ്രധാനമന്ത്രി നരേന്ദ്രമോദിയോട് തനിക്ക് ഏറെ ആരാധനയാണെന്നും ദേവന്‍ വ്യക്തമാക്കി. ‘ മോദി ക്രൂരനല്ല ഒരുപാട് ആരാധനയുള്ള നേതാവാണ്. അദ്ദേഹത്തെ ക്രൂരനായി ചിത്രീകരിക്കുന്നത് ഇവിടുത്തെ മാധ്യമങ്ങളാണ്. നരേന്ദ്ര മോദിയില്‍ നിങ്ങള്‍ കാണുന്ന അപാകതകള്‍ എന്തൊക്കെയാണെന്ന് ഞാന്‍ ഒരുപാടു പത്രക്കാരോട് ചോദിച്ചിട്ടുണ്ട്. ഒരു മാധ്യമ പ്രവര്‍ത്തകനുപോലും അതിനു കൃത്യമായ മറുപടി തരാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. മറ്റ് ഹൈന്ദവപ്രസ്ഥാനങ്ങളും തീവ്രഹിന്ദു ഗ്രൂപ്പുകളുമാണ് ഈ രാജ്യത്ത് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത്‌’ -ദേവന്‍ പറഞ്ഞു.