ഡിവൈഎസ്പിയുമായുണ്ടായ വാക്കുതര്‍ക്കത്തിനിടെ യുവാവ് വാഹനമിടിച്ച്‌ മരിച്ച സംഭവം; മൃതദേഹവുമായി നാട്ടുകാരുടെ ഉപരോധം

നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കരയിൽ ഡിവൈഎസ്പിയുമായുണ്ടായ വാക്കുതര്‍ക്കത്തിനിടെ യുവാവ് വാഹനമിടിച്ച് മരിച്ച സംഭവത്തില്‍ നാട്ടുകാര്‍ റോഡ് ഉപരോധിക്കുന്നു. ദേശിയ പാതയില്‍ ഗതാഗതം പൂര്‍ണമായും സ്തംഭിച്ചു. ഡിവൈഎസ്പി ഹരികുമാറിനെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഉപരോധം. അതേസമയം ഡിവൈഎസ്പിയുമായി റോഡില്‍ വച്ച്‌ തര്‍ക്കിച്ചു കൊണ്ടിരിക്കെ യുവാവ് വാഹനമിടിച്ച്‌ മരിച്ച സംഭവത്തില്‍ ദൃക്‌സാക്ഷിയുടെ മൊഴി പുറത്ത്. സനലിനെ ഡിവൈ.എസ്.പി ഹരികുമാര്‍ പിടിച്ചു തള്ളിയപ്പോഴായിരുന്നു അപകടമുണ്ടായതെന്നാണ് ദൃക്‌സാക്ഷി സുല്‍ത്താന്‍ മാഹീന്‍ പറഞ്ഞത്.

കൊടങ്ങാവിളയിൽ ഇന്നലെ രാത്രിയാണ് സംഭവം. കാവുവിള സ്വദേശി സനൽകുമാര്‍ (32) ആണ് കൊല്ലപ്പെട്ടത്. കൊടങ്ങാവിളയിലെ സുഹൃത്തിന്‍റെ വീട്ടിലെത്തിയ ഡിവൈഎസ്പി തന്‍റെ വാഹനത്തിന് തടസമായി കാർ പാർക്ക് ചെയ്തതിൽ പ്രകോപിതനായി സനലിനെ മർദ്ദിക്കുകയായിരുന്നു. ആദ്യം ഡിവൈ എസ് പി അടിച്ചെന്നും കാര്‍ മാറ്റിയിട്ടശേഷം ചോദിക്കാനായി എത്തിയ സനലുമായി വാക്കുതര്‍ക്കമുണ്ടായെന്നും ഇതിനിടയില്‍ സനലിനെ ഡിവൈ.എസ്.പി പിടിച്ചു തള്ളിയെന്നും റോഡിലേയ്ക്ക് വീണ സനലിനെ എതിര്‍വശത്തു നിന്നു വന്ന കാര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നുവെന്നുമാണ് ദൃക്‌സാക്ഷി പറഞ്ഞത്. കൊല്ലാനായി പിടിച്ചുതള്ളുകയായിരുന്നുവെന്നും ഇയാള്‍ ആരോപിച്ചു.

സനലിനെ ആശുപത്രിയിലെത്തിക്കാൻ നിൽക്കാതെ ഡിവൈഎസ്പി സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. ജീവനുണ്ടായിരുന്ന സനലിനെ ആംബുലൻസിൽ പൊലീസ് നെയ്യാറ്റിൻകര സ്റ്റേഷനിലേക്കാണ് ആദ്യം കൊണ്ട് പോയതെന്നും നാട്ടുകാർ പറയുന്നു. ഇതോടെ ഡിവൈഎസ്പിക്കെതിരെ നടപടി ആവശ്യപ്പെട്ട് കൊണ്ട് നാട്ടുകാർ രാത്രി റോഡ് ഉപരോധിച്ചിരുന്നു. സംഭവത്തില്‍ ഡിവൈഎസ്പിയുടേത് ഗുരുതര വീഴ്ചയെന്ന് കണ്ടെത്തിയിട്ടുണ്ട്. ഡിവൈഎസ്പിക്കെതിരെ കൊലക്കുറ്റത്തിനും കേസെടുത്തു.

ഡിവൈഎസ്പി ഹരികുമാര്‍ നെയ്യാറ്റിന്‍കര കൊളങ്ങാവിളയില്‍ ഒരു വീട്ടിലെത്തിയിരുന്നു. അവിടെ നിന്നും തിരികെ പോകുന്നതിനിടെ ഡിവൈഎസ്പിയുടെ വാഹനത്തിന് പുറകില്‍ പാര്‍ക്ക് ചെയ്ത വണ്ടി മാറ്റിയിടുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് അപകടത്തിന് കാരണമെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. സംഭവത്തില്‍ പ്രതിഷേധിച്ച്‌ ചൊവ്വാഴ്ച നെയ്യാറ്റിന്‍കരയില്‍ രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെ നാട്ടുകാര്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.