ഡി.വൈ.എസ്.പി പിടിച്ചു തള്ളി, വാഹനമിടിച്ച് യുവാവിന് ദാരുണാന്ത്യം;നെയ്യാറ്റിൻകരയിൽ ഇന്ന് ഹർത്താൽ

തിരുവനന്തപുരം നെയ്യാറ്റിന്‍കര കൊടങ്ങാവിളയില്‍ ഡി.വൈ.എസ്.പി യുവാവിനെ മര്‍ദ്ദിച്ച് കൊന്നതായി ആരോപണം. കൊടങ്ങാവിള സ്വദേശി സനലാണ് മരിച്ചത്. വാഹനം മാറ്റുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കമാണ് യുവാവിന്റെ മരണത്തിലേക്ക് നയിച്ചത്. യുവാവ് ഡി വൈ എസ് പിയുമായി വാക്കുതർക്കം ഉണ്ടാവുകയും സനലിനെ ഡി.വൈ.എസ്.പി പിടിച്ചു തള്ളുകയും ചെയ്തു. ഡി.വൈ.എസ്.പി ബി. ഹരികുമാര്‍ ഒളിവിലാണ്.സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്ന് അതിയന്നൂര്‍ പഞ്ചായത്തിലും നെയ്യാറ്റിന്‍കാര മുനിസിപ്പാലിറ്റിയിലും സംയുക്ത ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
കൊടങ്ങാവിളയിലെ വനിത സുഹൃത്തിന്റെ വീട്ടില്‍ എത്തിയതായിരുന്നു ഡി.വൈ.എസ്.പി ബി. ഹരികുമാര്‍. വീട്ടില്‍ നിന്ന് ഇറങ്ങി കാര്‍ എടുക്കാന്‍ എത്തിയപ്പോഴാണ് സനലിന്റെ വാഹനം സമീപത്ത് നിര്‍ത്തിയിട്ടത് കണ്ടത്. ഇതോടെ കാര്‍ മാറ്റി തരാന്‍ ഡി.വൈ.എസ്.പി സനലിനോട് ആവശ്യപ്പട്ടു. സിവില്‍ ഡ്രെസ്സിലായിരുന്ന ഡി.വൈ.എസ്.പിയെ സനലിന് തിരിച്ചറിയാനായില്ല. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാവുകയും ഹരികുമാര്‍ സനലിനെ തള്ളിയിടുകയുമായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.