നടക്കുമ്പോൾ അബദ്ധത്തില്‍ ദേഹത്ത് തട്ടി; നാലംഗ സംഘം യുവാവിനെ ക്രൂരമായി കൊലപ്പെടുത്തി

ഡല്‍ഹി: നടക്കുമ്പോൾ ദേഹത്ത് തട്ടിയതിന് നാലംഗസംഘം യുവാവിനെ കുത്തിക്കൊന്നു. ഡല്‍ഹി വിജയ്വിഹാറിലാണ് സംഭവം. ഉത്തര്‍പ്രദേശ് സ്വദേശി 20കാരനായ രവിയാണ് ഗുരുതരമായി കൂത്തേറ്റതിനെ തുടര്‍ന്ന് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് രവിക്ക് നേരെ ആക്രമണമുണ്ടായത്. നടക്കുന്നതിനിടയില്‍ ദേഹത്ത് മുട്ടി എന്ന് പറഞ്ഞാണ് നാലംഗ സംഘം തര്‍ക്കത്തിന് വന്നത്. തര്‍ക്കത്തിനിടെ കൂട്ടത്തിലൊരാള്‍ രവിയെ കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ആളുകള്‍ കൂടിയതോടെ അക്രമികള്‍ ഓടി രക്ഷപ്പെട്ടു.

നെഞ്ചിലും വയറ്റിലും മാരകമായി കുത്തേറ്റ രവിയെ ഓടിക്കൂടിയവര്‍ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നാട്ടുകാര്‍ ഓടിക്കൂടിയതോടെ അക്രമികള്‍ ഓടിരക്ഷപ്പെടുകയും ചെയ്തു. യുവാവിനെ കുത്തിക്കൊന്ന സംഭവത്തില്‍ കേസെടുത്തതായും പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായും പൊലീസ് അറിയിച്ചു. രവിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.