ട്രംപിനെ ചോദ്യം ചെയ്തു; മാധ്യമപ്രവര്‍ത്തകന്റെ പ്രസ്പാസ് റദ്ദാക്കി

വാഷിങ്ടണ്‍: വാര്‍ത്താ സമ്മേളനത്തില്‍ ട്രംപിനെ ചോദ്യം ചെയ്ത സി.എന്‍.എന്‍ മാധ്യമപ്രവര്‍ത്തകന്റെ പ്രസ് പാസ് വൈറ്റ്ഹൗസ് റദ്ദാക്കി. ലാറ്റിനമേരിക്കയില്‍ നിന്ന് യു.എസ് അതിര്‍ത്തിയിലെത്തുന്ന കുടിയേറ്റക്കാരെ കുറിച്ചുള്ള ചോദ്യം ചോദിച്ചതിനാണ് സി.എന്‍.എന്‍ കറസ്‌പോണ്ടന്റായ ജിം അക്കോസ്റ്റയുടെ പ്രസ്പാസ് പിന്‍വലിച്ചത്.

അമേരിക്കയില്‍ ഇടക്കാല തെരഞ്ഞെടുപ്പ് ഫലം വന്ന് പിറ്റേ ദിവസമാണ് സംഭവമുണ്ടായിരിക്കുന്നത്. രണ്ടാമതൊരു ചോദ്യം ചോദിച്ച അക്കോസ്റ്റയോട് ട്രംപ് മതിയെന്ന് പറയുകയും വൈറ്റ്ഹൗസ് ജീവനക്കാരി മൈക്ക് പിടിച്ചുവാങ്ങാന്‍ ശ്രമിക്കുകയുമായിരുന്നു. ഇതിനിടയില്‍ ചോദ്യങ്ങള്‍ തുടരാന്‍ ശ്രമിച്ച ജിം അക്കോസ്റ്റയെ ഭയങ്കര വ്യക്തിയെന്നും ജനങ്ങളുടെ ശത്രുവെന്നും ട്രംപ് ആക്ഷേപിച്ചു.

വൈറ്റ് ഹൗസ് ഇന്റേണായ യുവതിയുടെ ശരീരത്തില്‍ കൈവെച്ച അക്കോസ്റ്റ അവരുടെ ജോലി തടസ്സപ്പെടുത്തിയെന്നും ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നും വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി സാറാ സാന്‍ഡേഴ്‌സ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

എന്നാല്‍ സാറ സാന്‍ഡേഴ്‌സ് കള്ളം പറയുകയാണെന്ന് അക്കോസ്റ്റ് പറഞ്ഞു. മൈക്ക് പിടിച്ചുവാങ്ങാന്‍ ശ്രമിച്ചപ്പോള്‍ തടഞ്ഞ അക്കോസ്റ്റ ജീവനക്കാരിയോട് അപ്പോള്‍ തന്നെ ക്ഷമ പറയുകയും ചെയ്തിരുന്നു.

സംഭവത്തില്‍ മാധ്യമപ്രവര്‍ത്തകന് പൂര്‍ണ്ണ പിന്തുണ നല്‍കി സി.എന്‍.എന്‍ രംഗത്തെത്തിയിട്ടുണ്ട്. കീഴ്‌വഴക്കമില്ലാത്ത ഈ നടപടി ജനാധിപത്യത്തിന് ഭീഷണിയാണെന്നും രാജ്യം ഇതില്‍ കൂടുതല്‍ അര്‍ഹിക്കുന്നുണ്ടെന്നും സി.എന്‍.എന്‍ പ്രസ്താവനയില്‍ പറഞ്ഞു. നടപടിയെ വൈറ്റ്ഹൗസ് കറസ്‌പോണ്ടന്റ്‌സ് അസോസിയേഷനും അപലപിച്ചിട്ടുണ്ട്.