മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെടുമെന്ന് ഭയം; രണ്ട് മണ്ഡലങ്ങളില്‍ കാലു കുത്തിയിട്ട് 13 വര്‍ഷം

ഭോപ്പാല്‍: കാലുകുത്തിയാല്‍ മുഖ്യമന്ത്രിമാര്‍ക്ക് സ്ഥാനം നഷ്ടപ്പെടുമെന്ന അന്ധവിശ്വാസത്തെ തുടര്‍ന്ന് 13 വര്‍ഷമായി സംസ്ഥാനത്തെ മധ്യപ്രദേശിലെ രണ്ടു മണ്ഡലങ്ങളില്‍ കാലുകുത്താതെ മുഖ്യമന്ത്രി ശിവരാജ്‌സിങ് ചൗഹാന്‍. അശോക നഗര്‍, ഇച്ഛാവഡ് എന്നീ മണ്ഡലങ്ങളിലാണ് മധ്യപ്രദേശ് മുഖ്യമന്ത്രി ഇതുവരെ സന്ദര്‍ശിക്കാത്തത്.

സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പര്യടനം നടത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ജീന്‍ ആശീര്‍വാദ് യാത്രയില്‍ നിന്നുപോലും ഈ മണ്ഡലങ്ങളെ അദ്ദേഹം ഒഴിവാക്കിയിരുന്നു. നിശ്ചയിച്ച പ്രകാരം ഓഗസ്ത് 12 ന് ഇച്ഛാവാഡിലും ഒക്ടോബര്‍ രണ്ടിന് അശോക് നഗറിലും എത്തേണ്ടതായിരുന്നെങ്കിലും രണ്ട് മണ്ഡലങ്ങളിലേയും പരിപാടി മുഖ്യമന്ത്രി ഒഴിവാക്കുകയായിരുന്നു. അശോക് നഗറിലെ പുതിയ കല്കട്രേറ്റ് മന്ദിരം ഉദ്ഘാടനം ചെയ്യാനും മംഗ്വാലിയില്‍ ഉപതെരഞ്ഞെടുപ്പ് നടന്നപ്പോഴും ചൗഹാന്‍ എത്തിയില്ല.

ശിവരാജ്‌സിങ്ങിന്റെ ഈ നടപടിക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ബി.ജെ.പി ഇച്ഛാവാഡ് ജില്ലാ പ്രസിഡന്റ് കൈലാഷ് സുരൈന തന്നെ ചൗഹാന്റെ നടപടിയെ വിമര്‍ശിക്കുന്നുണ്ട്. ഇത് കടുത്ത അന്ധവിശ്വാസമാണെന്നാണ് അദ്ദേഹം പറയുന്നത്.

2013 ല്‍ ഒഴികെ തുടര്‍ച്ചയായ 28 വര്‍ഷം ബി.ജെ.പി ജയിക്കുന്ന മണ്ഡലമാണെന്നും മുഖ്യമന്ത്രി തന്നെ അന്ധവിശ്വാസങ്ങളെ പ്രോത്സാഹിപ്പിക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്നുമായിരുന്നു എം.എല്‍.എ കൂടിയായ ശൈലേന്ദ്ര പട്ടേല്‍ പറഞ്ഞത്.