എതിർതാരത്തിന്റെ മൂക്കിടിച്ചു തകർത്ത് റാമോസ്

ഒരിടവേളയ്ക്ക് ശേഷം വീണ്ടും തന്റെ പഴയ സ്വഭാവത്തിലേക്ക് മടങ്ങിയ റയൽ മാഡ്രിഡ് സൂപ്പർ താരം സെർജിയോ റാമോസാണ് വാർത്തകളിലെ താരം. . ഇന്നലെ വിക്ടോറിയ പ്ലസനെതിരെ നടന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ വിക്ടോറിയ പ്ലസന്റെ പ്രതിരോധ താരം മിലൻ ഹാവലിന്റെ മൂക്ക് റാമോസ് ഇടിച്ചു തകർത്തതാണ് ആരാധകരുടെ പ്രതിഷേധത്തിനു കാരണമായിരിക്കുന്നത്.കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ലിവർപൂളിന്റെ മുഹമ്മദ് സലാഹിനെ ഫൗൾ ചെയ്ത റാമോസിനെതിരെ വൻ ആരാധകരോഷമാണ് അനുഭവപെട്ടിരുന്നത്. മത്സരത്തിൽ ഹാവലും റാമോസും പന്തിനു വേണ്ടി പോരാടുന്നതിനിടെ താരത്തിന്റെ കൈമുട്ട് ഹാവലിന്റെ മൂക്കിൽ തന്നെ കൃത്യമായി ഇടിക്കുകയായിരുന്നു. മൂക്കിൽ നിന്നും രക്തമൊഴുകിയ താരം നിലത്തു വീണ് തുടർന്ന് മത്സരത്തിൽ നിന്നും പുറത്തു പോവുകയായിരുന്നു. ചുവപ്പുകാർഡ് വരെ ലഭിക്കാമായിരുന്ന ഫൗളായിട്ടും ഒരു ശിക്ഷാ നടപടിയും ഉണ്ടാവാതെ റാമോസ് രക്ഷപ്പെടുകയും ചെയ്തു. മത്സരത്തിനു ശേഷം നിരവധി ആരാധകർ ഇതിനെതിരെ പ്രതിഷേധം ഉയർത്തി.