നിയമസഭാ തിരഞ്ഞെടുപ്പ്: ഛത്തീസ്ഗഡില്‍ മോദിയും രാഹുല്‍ ഗാന്ധിയും ഇന്ന് നേര്‍ക്ക് നേര്‍

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പേ അഞ്ച് സംസ്ഥാനങ്ങളിലേക്കായി നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ശക്തി തെളിയിക്കാനൊരുങ്ങുന്ന നരേന്ദ്ര മോദിയും രാഹുല്‍ ഗാന്ധിയും ഇന്ന് നേര്‍ക്ക് നേര്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയും രാഹുല്‍ ഗാന്ധിയും ഇന്ന് ഛത്തീസ്ഗഡില്‍ പ്രചാരണത്തിനിറങ്ങും. ഇരുവരെ സംമ്പന്ധിച്ചും ലോകസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സെമി ഫൈനൽ പോരാട്ടം തന്നെയാണ് ഇത്. നിയമസഭാ തിരഞ്ഞെടുപ്പിലെ പ്രകടനം ലോക്‌സഭയില്‍ പ്രതിഫലിക്കുമെന്നതിനാല്‍ ശക്തി തെളിയേക്കേണ്ടത് ഇരുപാര്‍ട്ടികളുടെയും ആവശ്യമാണ്.

പ്രധാനമന്ത്രിയുടെ 30 ലധികം റാലികള്‍ അഞ്ച് സംസ്ഥാനങ്ങളിലുമായി നടത്താനാണ് പാര്‍ട്ടി പദ്ധതിയിടുന്നത്. നക്‌സല്‍ സ്വാധീന മേഖലയായ ബസ്തറിലെ ജഗദാല്‍ പൂരില്‍ നിന്നാണ് അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മോദി തുടക്കമിടുന്നത്. അതേസമയം കോണ്‍ഗ്രസിന്‍റെ യുവത്വത്തിന് മോദിയെ പോരിന് വിളിക്കാൻ ശേഷിയുണ്ടെന്ന് ബോധ്യപ്പെടുത്താനാകും രാഹുൽ ഗാന്ധിയുടെ ശ്രമം. രണ്ട് ദിവസം ഛത്തീസ് ഘട്ടില്‍ തങ്ങുന്ന രാഹുല്‍, മോദിക്ക് മറുപടി പറയാന്‍ നാളെ ജഗദാല്‍പൂരിലെത്തും.ഇന്ന് രാഹുലിന്‍റെ പര്യടനം മുഖ്യമന്ത്രി രമണ്‍ സിങ്ങിന്റെ മണ്ഡലമായ രാജ് നന്ദഗാവിലാണെന്നത് ശ്രദ്ധേയമാണ്. ഇന്ന് മണ്ഡലത്തില്‍ തങ്ങുന്ന രാഹുല്‍ അവിടെ റോഡ് ഷോയും നടത്തും. കഴിഞ്ഞ ദിവസം ഉപതിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്ന കര്‍ണാടകയില്‍ ഏറ്റ ദയനീയ പരാജയത്തിന്റെ പശ്ചാത്തലത്തില്‍ പ്രചാരണത്തിലൂടെ ബിജെപിയുടെ പ്രഭാവം ഒട്ടും കുറഞ്ഞിട്ടില്ലെന്ന് തെളിയിക്കാന്‍ മോദി എല്ലാ അടവും പുറത്തെടുക്കും. അതേസമയം, മോദി സര്‍ക്കാരിന്റെ വീഴ്ചകള്‍ തുറന്ന് കാട്ടി രാഹുല്‍ ഗാന്ധിയും കടുത്ത പ്രത്യാക്രമണം നടത്തും.