മുസ്ലീം പള്ളികള്‍ക്ക് വിഷ്ണുവിന്റെ പേരിടുമെന്ന് ഭീഷണി മുഴക്കി ബി.ജെ.പി നേതാവ്

മുസ്ലീം പള്ളികള്‍ക്ക് വിഷ്ണുവിന്റെ പേരിടുമെന്ന് ചാനല്‍ ചര്‍ച്ചയില്‍ ഭീഷണി മുഴക്കി ബി.ജെ.പി നേതാവ് സംബിത് പത്ര. ആജ്തക് ചാനലില്‍ ഉത്തര്‍പ്രദേശില്‍ സ്ഥലങ്ങളുടെ പേരുകള്‍ മാറ്റുന്നതുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ചയിലാണ് ഓള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ വക്താവ് സഈദ് അസീം വഖാറിനോട് സംബിത് പത്ര ഭീഷണി മുഴക്കിയത്.

ലക്നൗവിലെ ഏകാന ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിന്റെ പേര് ഭാരത് രത്‌നാ അടല്‍ ബിഹാരി വാജ്പേയ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയം എന്ന് മാറ്റിയതിനെ കുറിച്ച് ചോദിച്ചതായിരുന്നു അസീം വഖാര്‍. ഏകാന എന്നത് വിഷ്ണുവിന്റെ മറ്റൊരു പേരാണ്. ഇത് മഹാവിഷ്ണുവിനെ അപമാനിക്കുന്നതാണെന്ന് എ.ഐ.എം.ഐ.എം പറഞ്ഞപ്പോഴാണ് സംബിത് പിത്രയ്ക്ക് കലിയിളകിയത്.

ചോദ്യത്തിന് മറുപടിയായി നിങ്ങളൊരു വിഷ്ണു ഭക്തനാണോ അല്ലാഹുവിന്റെ ഭക്തനാണോയെന്ന് പത്ര വഖാറിനോട് ചോദിച്ചു. ഇതിന് മറുപടിയായി താന്‍ അല്ലാഹുവിനെ വിശ്വസിക്കുന്നയാളാണെന്നും എന്നാലും നിങ്ങളുടെ മതത്തെയും ബഹുമാനിക്കുന്നുണ്ടെന്നും വഖാര്‍ പറഞ്ഞു. തുടര്‍ന്ന് രോഷാകുലനായ സംബിത് പത്ര എന്നാല്‍ ഒച്ചയുണ്ടാക്കരുതെന്നും അവിടെ ഇരിക്കണമെന്നും ഉറക്കെ ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ മുസ്ലീം പള്ളികള്‍ക്ക് വിഷ്ണുവിന്റെ പേരിടുമെന്നും ഭീഷണി മുഴക്കുകയായിരുന്നു.