രഥയാത്രകള്‍ക്ക് തടസം നില്‍ക്കുന്നവരുടെ തലകള്‍ ചതച്ചരയ്ക്കും; ബിജെപി വനിതാ നേതാവ്

പശ്ചിമ ബംഗാളിൽ ബി.ജെ.പി സംഘടിപ്പിക്കുന്ന രഥയാത്രയ്‌ക്ക് തടസമായി നില്‍ക്കുന്നവരുടെ തല ചതയ്‌ക്കുമെന്ന് ബി.ജെ.പി വനിതാ നേതാവ് ലോക്കറ്റ് ചാറ്റര്‍ജി. പശ്ചിമ ബംഗാള്‍ ബി.ജെ.പി വനിതാ ഘടകം പ്രസിഡണ്ടാണ് ലോക്കറ്റ് ചാറ്റര്‍ജി. മുഖ്യമന്ത്രി മമതാ ബാനര്‍ജി രഥയാത്രയ്‌ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയേക്കുമെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അവര്‍. സംസ്ഥാനത്തെ ജനാധിപത്യം സംരക്ഷിക്കാനാണ് തങ്ങള്‍ രഥയാത്ര നടത്തുന്നതെന്നാണ് ലോക്കറ്റ് ചാറ്റര്‍ജിയുടെ വിശദീകരണം. ഈ യാത്രകള്‍ക്ക് തടസം നില്‍ക്കുന്നവരുടെ തലകള്‍ രഥത്തിന്റെ ചക്രത്തില്‍ ചതഞ്ഞരയുമെന്നും ചാറ്റര്‍ജി കൂട്ടിച്ചേര്‍ത്തു.

ഡിസംബര്‍ അഞ്ചു മുതൽ ഏഴു വരെ മൂന്നു ദിവസങ്ങളിലായുള്ള രഥയാത്രകളാണ് പശ്ചിമ ബംഗാളില്‍ ബി.ജെ.പി നടത്താന്‍ ആസൂത്രണം ചെയ്തത്. 42 ലോക്‌സഭാ മണ്ഡലങ്ങളിലും സഞ്ചരിക്കുന്ന രഥയാത്ര ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായാണ് ഉദ്ഘാടനം ചെയ്യുന്നത്. കൊല്‍ക്കത്തയില്‍ നടക്കുന്ന മഹാറാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

അതേസമയം, ലോക്കറ്റ് ചാറ്റര്‍ജിയുടെ പ്രസ്‌താവനയ്‌ക്കെതിരെ രംഗത്ത് വന്ന തൃണമൂല്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പാര്‍ത്ത ചാറ്റര്‍ജി സംസ്ഥാനത്തെ സമാധാനം തകര്‍ക്കാന്‍ ബി.ജെ.പി നേതാക്കള്‍ മനപ്പൂര്‍വം ശ്രമിക്കുകയാണെന്ന് ആരോപിച്ചു. വര്‍ഗീയ ചിന്തകള്‍ സംസ്ഥാനത്ത് പടര്‍ത്താനാണ് ബി.ജെ.പിയുടെ ശ്രമമെന്നും
എന്നാല്‍ ബി.ജെ.പിയുടെ ഇത്തരം ശ്രമങ്ങളെ സംസ്ഥാനത്തെ ജനങ്ങള്‍ ചെറുത്ത് തോല്‍പ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.