സനലിന്റേത് അപകട മരണമാക്കാന്‍ ശ്രമമെന്ന് കുടുംബം, സിബിഐ അന്വേഷണം വേണം, സനല്‍ കുമാറിന്റെ ഭാര്യ ഹൈക്കോടതിയിലേക്ക്

തിരുവനന്തപുരം: ഡിവൈഎസ്പി ബി ഹരികുമാര്‍ റോഡിലേക്ക് തള്ളിയിട്ട് കൊന്ന നെയ്യാറ്റിന്‍കരയിലെ സനലിന്റെ കൊലപാതകം അപകട മരണമാക്കി മാറ്റാന്‍ അന്വേഷണ സംഘം ശ്രമിക്കുന്നുവെന്ന് ആരോപിച്ച്‌ ഭാര്യ വിജി രംഗത്തെത്തി. ഇപ്പോള്‍ കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംഘത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ തൃപ്‌തിയില്ല. ക്രൈം ബ്രാഞ്ച് സംഘം വീട്ടിലെത്തിയെങ്കിലും തങ്ങളുടെയൊന്നും മൊഴിയെടുത്തിരുന്നില്ല. സംഭവം അപകട മരണമാക്കി മാറ്റാനാണ് പൊലീസ് ശ്രമിക്കുന്നത്. ഇങ്ങനെയാണെങ്കില്‍ അന്വേഷണ സംഘത്തോട് സഹകരിക്കില്ല. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് തിങ്കളാഴ്‌ച ഹൈക്കോടതിയെ സമീപിക്കുമെന്നും വിജി വ്യക്തമാക്കി.

അതേസമയം സനലിന്റെ ഭാര്യയ്ക്ക് ജോലി നല്‍കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് രംഗത്തെത്തിയിട്ടുണ്ട്. ഇത് സംബന്ധിച്ച്‌ ഡിജിപി ലോക്നാഥ് ബെഹ്റ മുഖ്യമന്ത്രിക്ക് ശുപാര്‍ശ നല്‍കി. സനലിനെ ആക്രമിച്ച സ്ഥലത്ത് നീതികിട്ടും വരെ മക്കളോടൊപ്പം സമരമിരിക്കുമെന്ന് ഭാര്യ വിജി നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. അറസ്റ്റ് വൈകിയാല്‍ സെക്രട്ടേറിയേറ്റിന് മുന്നില്‍ സത്യാഗ്രഹമിരിക്കുമെന്ന് സനലിന്റെ സഹോദരിയും പ്രതികരിച്ചിരുന്നു.

അതേസമയം, ഡിവൈ.എസ്.പി ഹരികുമാര്‍ അന്വേഷണ സംഘത്തിന് മുന്നില്‍ കീഴടങ്ങുന്നതിന് മുമ്പ് അറസ്‌റ്റ് ചെയ്യണമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്റ അന്വേഷണ സംഘത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കോടതിയില്‍ കീഴടങ്ങിയാല്‍ പൊലീസിന് നാണകേടാകുമെന്നും അത് എന്ത് വില കൊടുത്തും തടയണമെന്നുമാണ് ഡി.ജി.പിയുടെ നിര്‍ദ്ദേശം. ഇതനുസരിച്ച്‌ ഇന്ന് തന്നെ ഹരികുമാറിനെ അറസ്‌റ്റ് ചെയ്യുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നാണ് പൊലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.