സനലിന്റെ കൊലപാതകം ; ഡിവൈഎസ്പി ഹരികുമാറിനെ സഹായിച്ചയാള്‍ പിടിയില്‍

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ യുവാവിനെ റോഡിലേക്ക് എറിഞ്ഞ് കൊന്ന കേസിലെ പ്രതി ഡിവൈ.എസ്.പി ഹരികുമാറിന് ഒളിച്ച്‌ താമസിക്കാന്‍ സ്ഥലമൊരുക്കിയ ലോഡ്‌ജ് മാനേജരെ ക്രൈംബ്രാഞ്ച് സംഘം പിടികൂടി. തമിഴ്നാട് തൃപ്പരപ്പിലെ ലോഡ്‌ജ് മാനേജര്‍ സതീഷാണ് പിടിയിലായത്. സംഭവത്തിന് ശേഷം ഡിവൈഎസ്പി ഈ ലോഡ്ജിലെത്തിയിരുന്നു. തുടര്‍ന്ന് സതീഷ് ഹരികുമാറിന് വേണ്ട സഹായങ്ങള്‍ ചെയ്തുകൊടുക്കുകയായിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.

ഡിവൈഎസ്പിക്ക് സതീഷ് പുതിയ രണ്ട് സിം കാർഡുകൾ കൈമാറിയിരുന്നു. എന്നാല്‍ 7-ാം തീയതിക്ക് ശേഷം ഈ സിം കാർഡുകൾ പ്രവർത്തിക്കുന്നില്ല. ക്രൈംബ്രാഞ്ച് ഓഫീസില്‍ നടത്തിയ ചോദ്യം ചെയ്യലിന് ശേഷമാണ് സതീഷിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്.

സംഭവം നടന്ന് ഏഴ് ദിവസമായിട്ടും പ്രതിയായ ബി.ഹരികുമാറിനെ പിടികൂടാന്‍ കഴിയാത്തതില്‍ പ്രതിഷേധമുയരുന്ന സാഹചര്യത്തിലാണ് പുതിയൊരു അറസ്റ്റ്. ഇതിനിടെ സനല്‍ കുമാറിന്‍റെ മരണം അപകടമരണമാക്കാന്‍ പൊലീസ് ശ്രമിക്കുന്നുവെന്ന് ഭാര്യ വിജി ആരോപിച്ച് രംഗത്ത് എത്തിയിട്ടുണ്ട്.