ശബരിമല സംഘര്‍ഷം: പ്രതിഷേധക്കാര്‍ക്കെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു

കൊച്ചി: ചിത്തിര ആട്ടവിശേഷത്തിനായി ശബരിമല നട തുറന്നപ്പോള്‍ ഉണ്ടായ സംഘര്‍ഷങ്ങളില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ശബരിമല സ്‌പെഷ്യല്‍ കമ്മിഷണര്‍ നല്‍കിയ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ച് ഇക്കാര്യത്തില്‍ സ്വമേധയാ കേസെടുത്തത്. ആചാര ലംഘനത്തിനും അക്രമസംഭവങ്ങളിലുമാണ്‌ കേസെടുത്തത്‌. കമ്മീഷണറുടെ റിപ്പോര്‍ട്ട്‌ ഗൗരവതരമാണെന്ന്‌ കോടതി നിരീക്ഷിച്ചു.

ശബരിമലയില്‍ ചിത്തിര ആട്ടവിശേഷ സമയത്ത് ആചാര ലംഘനം നടന്നുവെന്നാണ് ദേവസ്വം സ്പെഷ്യൽ കമ്മീഷണര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോർട്ടില്‍ വിശദമാക്കിയിരുന്നു. സ്ത്രീകളെ തടഞ്ഞു എന്നടക്കമുള്ള റിപ്പോർട്ട്‌ നേരത്തെ സ്പെഷ്യൽ കമ്മീഷണർ കോടതിയിൽ സമര്‍പ്പിച്ചിരുന്നു. ഈ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി ഇപ്പോള്‍ സ്വമേധയാ കേസെടുത്തത്.

ശബരിമല സ്പെഷല്‍ കമ്മീഷണറായ ജില്ലാ ജഡ്ജി പി.മനോജ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് തെളിവായി സ്വീകരിച്ചാണ് കോടതി നടപടിയുണ്ടായിരിക്കുന്നത്. ദേവസ്വം കേസുകള്‍ പരിഗണിക്കുന്ന പ്രത്യേക ഡിവിഷന്‍ ബെഞ്ചിന്‍റേതാണ് വിധി. ലക്ഷക്കണക്കിന് തീര്‍ത്ഥാടകരാകും മണ്ഡല മകരവിളക്ക് കാലത്ത് ശബരിമലയിലെത്തുക. ഈ അവസ്ഥ തുടര്‍ന്നാല്‍ മണ്ഡലകാലം സംഘര്‍ഷഭരിതമാകും. തിക്കിലും തിരക്കിലും പെട്ട് തീര്‍ത്ഥാടകര്‍ക്ക് ജീവാപായം വരെ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.

നിലവില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ ആചാരത്തിന്റെയും വിശ്വാസത്തിന്റെയും പേര് പറഞ്ഞാണ്. സുരക്ഷ ഭീഷണിയുള്ള തീര്‍ത്ഥാടന കേന്ദ്രങ്ങളിലൊന്നാണ് ശബരിമല. ദേശവിരുദ്ധ ശക്തികള്‍ ഈ സാഹചര്യം മുതലെടുക്കാന്‍ ശ്രമിച്ചേക്കാം. രാഷ്ട്രീയപാര്‍ട്ടികള്‍ പ്രക്ഷോഭങ്ങളില്‍ നിയന്ത്രണം വരുത്തണമെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

ചിത്തിര ആട്ടവിശേഷത്തിനായി നട തുറന്നപ്പോള്‍ പൊലീസ് സ്വീകരിച്ച തന്ത്രപരമായ ഇടപെടലുകളാണ് സന്നിധാനത്ത് അനിഷ്‌ട സംഭവങ്ങള്‍ ഉണ്ടാകാതെ തടഞ്ഞതെന്ന് സ്പെഷ്യല്‍ കമ്മിഷണര്‍ എം. മനോജ് ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ആര്‍.എസ്.എസ് നേതാവ് വത്സന്‍ തില്ലങ്കേരി,​ ദേവസ്വം ബോര്‍‌ഡ് അംഗം ശങ്കര്‍ദാസ് തുടങ്ങിയവര്‍ ആചാര ലംഘനം നടത്തിയെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.