സർവകക്ഷിയോഗം പരാജയം; യുഡിഎഫ് യോഗം ബഹിഷ്കരിച്ചു

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷിയോഗം പ്രഹസനമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. . ആവശ്യങ്ങൾ അംഗീകരിച്ചില്ലെന്ന് ആരോപിച്ച് യുഡിഎഫ് യോഗം ബഹിഷ്കരിച്ചു. ശബരിമലയിൽ പ്രശ്നം പരിഹരിക്കാനുള്ള അവസരം സർക്കാർ കളഞ്ഞു കുളിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി പ്രസംഗത്തിന് മുമ്പാണ് യുഡിഎഫ് യോഗത്തില്‍ നിന്ന് ഇറങ്ങി പോകുന്നത്. യോഗം പ്രഹസനമാണെന്ന് പ്രതിപക്ഷ നേതാവ് ചെന്നിത്തല ആരോപിച്ചു. സര്‍ക്കാരിന് ഈ വിഷയത്തില്‍ പിടിവാശിയാണ് ഉള്ളത്. വിധി നടപ്പാക്കുന്നതില്‍ സാവകാശം വേണമെന്ന് യുഡിഎഫ് യോഗത്തില്‍ ഉന്നയിച്ചു. ഈ വിഷയത്തില്‍ ആര്‍എസ്‌എസും ബിജെപിയും സിപിഎമ്മും ചേര്‍ന്ന് ഒത്തുകളിക്കുകയാണെന്ന് ചെന്നിത്തല ആരോപിച്ചു. അതേസമയം സര്‍വകക്ഷി യോഗം ഇതോടെ പരാജയമായിരിക്കുകയാണ്.

മുന്‍വിധിയോടെയല്ല ശബരിമലയില്‍ തീരുമാനങ്ങള്‍ നടപ്പാക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ശബരിമല കൂടുതല്‍ യശ്ശസോടെ ഉയര്‍ന്നുവരും. വിശ്വാസികള്‍ക്ക് എല്ലാ സംരക്ഷണവും നല്‍കും. യുഡിഎഫും ബിജെപിയും ഒരേ നിലപാടാണ് സ്വീകരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. സുപ്രീം കോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ശബരിമല സംഘര്‍ഷത്തില്‍ ഉത്തരവാദിത്തം സര്‍ക്കാരിനാണെന്നും ബിജെപി ആരോപിച്ചു.