സുരക്ഷ ഇല്ലെങ്കിലും ശബരിമലയിലെത്തും; ദര്‍ശനത്തിനിടയില്‍ എന്തെങ്കിലും സംഭവിച്ചാല്‍ സര്‍ക്കാര്‍ ഉത്തരവാദി: തൃപ്തി ദേശായി

ന്യൂഡല്‍ഹി : പൊലീസ് പ്രത്യേക സുരക്ഷ ഒരുക്കിയില്ലെങ്കിലും ശബരിമലയില്‍ ദര്‍ശനം നടത്തുമെന്ന് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി. സുരക്ഷ ആവശ്യപ്പെട്ട് താന്‍ നല്‍കിയ കത്തിന് കേരള സര്‍ക്കാരില്‍ നിന്നും മറുപടി കിട്ടിയിട്ടില്ല. തന്നോടൊപ്പം ഏഴ് സ്ത്രീകളും ദര്‍ശനം നടത്തുന്നത് കൊണ്ടാണ് സുരക്ഷ ആവശ്യപ്പെട്ടത്. ദര്‍ശനത്തിനിടെ എന്തെങ്കിലും സംഭവിച്ചാല്‍ സര്‍ക്കാരിനായിരിക്കും പൂര്‍ണ ഉത്തരവാദിത്തമെന്നും തൃപ്തി ദേശായി വ്യക്തമാക്കി.

മണ്ഡലകാലത്ത് ശബരിമല സന്ദര്‍ശിക്കുമെന്ന് മുന്‍പുതന്നെ അവര്‍ പ്രഖ്യാപിച്ചിരുന്നു. ഈ മാസം 17ന് ശബരിമലയില്‍ സന്ദര്‍ശനം നടത്തുമെന്നാണ് ഇപ്പോള്‍ അവര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ, സുരക്ഷ ആവശ്യപ്പെട്ട് തൃപ്തി ദേശായി മുഖ്യമന്ത്രി പിണറായി വിജയനും കേരള പൊലീസിനും കത്തയച്ചിരുന്നു. 16ന് നെടുമ്പാശേരി വിമാനത്താവളത്തില്‍ ഇറങ്ങുന്നതുമുതല്‍ സുരക്ഷാവേണമെന്നാണ് ആവശ്യം. പക്ഷെ, ഈ കത്തിന് പൊലിസ് മറുപടി നല്‍കിയിട്ടില്ല.

തൃപ്തി ദേശായിക്ക് പ്രത്യേക സുരക്ഷ ഒരുക്കേണ്ടതില്ലെന്ന് പൊലീസ് തീരുമാനം എടുത്തിരുന്നു. സന്നിധാനത്തെത്തുന്ന എല്ലാ തീര്‍ത്ഥാടകര്‍ക്കുമുള്ള പരിരക്ഷ മാത്രമേ നല്‍കേണ്ടതുള്ളൂ. പ്രത്യേക സുരക്ഷ ആവശ്യപ്പെട്ടുള്ള തൃപ്തിയുടെ കത്തിന് മറുപടി നല്‍കേണ്ടതില്ലെന്നും പൊലീസ് തീരുമാനമെടുത്തിരുന്നു. വിമാനത്താവളത്തില്‍ നിന്ന് കോട്ടയത്തേക്ക് പോയി അന്നവിടെ താമസിച്ച്‌ 17ന് രാവിലെ 5 മണിക്ക് പുറപ്പെട്ട് സന്നിധാനത്ത് 7 മണിയോടെ ദര്‍ശനം നടത്തുമെന്നാണ് കത്തില്‍ പറയുന്നത്. ഇവരുടെ സംഘത്തിന്റെ യാത്രയ്ക്കും താമസത്തിനും സുരക്ഷയ്ക്കും വേണ്ട എല്ലാ ചെലവും സര്‍ക്കാര്‍ വഹിക്കണമെന്ന കാര്യവും ഇവര്‍ കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നു. എന്നാല്‍ പ്രത്യേക സുരക്ഷ അനുവദിക്കാനവില്ലെന്നാണ് പൊലീസ് ഇപ്പോള്‍ അറിയിച്ചത്.

സ്ത്രീ പ്രവേശനം വിലക്കിയിരുന്ന ഹാജി അലി ദര്‍ഗ, ത്രൈയംബകേശ്വര്‍ ക്ഷേത്രം, ശനി ശിംഘനാപൂര്‍ ക്ഷേത്രം എന്നിവിടങ്ങളില്‍ ഇവര്‍ പ്രവേശിച്ചിരുന്നു. മണ്ഡല-മകരവിളക്കു കാലത്തു ശബരിമലയില്‍ ദര്‍ശനത്തിനായി ഓണ്‍ലൈനില്‍ റജിസ്റ്റര്‍ ചെയ്ത യുവതികളുടെ എണ്ണം 800 ആയി. ആന്ധ്ര, തമിഴ്നാട് എന്നിവിടങ്ങളില്‍ നിന്നാണ് കൂടുതല്‍ പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.