ശുചിമുറികളില്‍ വെള്ളമില്ലാത്തതിനാല്‍ പ്രാഥമിക കൃത്യങ്ങള്‍ക്ക് വനത്തെ ആശ്രയിക്കേണ്ടി വരുന്നു ; അയ്യപ്പന്മാര്‍ക്ക് ഇത് ‘ദുരിതകാലം’

ശബരിമല: മണ്ഡലകാലം ആരംഭിച്ചതിന് പിന്നാലെ സന്നിധാനത്ത് അയ്യപ്പന്മാര്‍ക്ക് ഇനി ദുരിതകാലം. നടതുറന്ന് ആയിക്കണക്കിന് ഭക്തര്‍ വരുന്ന സാഹചര്യത്തിലും പമ്പയിൽ ശുദ്ധജലത്തിനായും പ്രാഥമിക സൗകര്യങ്ങള്‍ക്കായും ബുദ്ധിമുട്ടുകയാണ് . അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാത്തതിനാൽ ശുചിമുറിയുടെ പുറകിലും മറ്റുമാണ് അയ്യപ്പന്മാര്‍ പ്രാഥമിക കാര്യങ്ങള്‍ നിര്‍വഹിക്കുന്നത്. അയ്യപ്പന്മാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിച്ചില്ലെങ്കില്‍ അടുത്ത ദിവസങ്ങള്‍ സംഗതി കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് നീങ്ങും. വെള്ളമില്ലാത്തതിനാല്‍ പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാന്‍ വേറെ ഒരു നിവൃത്തിയുമില്ലാത്ത ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ ബുദ്ധിമുട്ടുകയാണ്.വെള്ളമില്ലാത്തതിനെ തുടര്‍ന്ന് ശുചിമുറികളില്‍ വിസര്‍ജ്ജ്യം കെട്ടിക്കിടക്കുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത് .

ശുചിമുറി കോംപ്ലെക്സിന് പുറകിലെ തുറസായ സ്ഥലത്ത് നിലവില്‍ പ്രാഥമിക ആവശ്യത്തിന് പോകേണ്ടി വരുന്ന അവസ്ഥയിലാണ് തീര്‍ത്ഥാടകര്‍. വനത്തില്‍ പോയി പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കേണ്ടി വരുന്നെന്നും തീര്‍ത്ഥാടകര്‍ പരാതിപ്പെടുന്നുണ്ട് . പ്രളയമെടുത്ത സ്ട്രെച്ചറുകളും കിടക്കകളും പമ്പയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ കൂട്ടിയിട്ടിരിക്കുന്ന കാഴ്ച്ചയും ശബരിമലയിൽ കാണാം . താഴത്തെ നിലയില്‍ തറയില്‍ ടൈല്‍സ് പാകി തീർന്നിട്ടില്ല . കാനനപാതയില്‍ അയ്യപ്പഭക്തര്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകുമ്പോൾ ഏറ്റവുമധികം ആശ്രയമാകുന്ന ആശുപത്രിയായിരുന്നു ഇത്.ശൗച്യാലയങ്ങളുടെ നിര്‍മ്മാണം പുരോഗമിക്കുന്നതേയുള്ളൂ.

ഇന്ന് പുലര്‍ച്ചെ മൂന്ന് മണിക്കാണ് ശബരിമല തുറന്നത്. ദര്‍ശനത്തിന് ഇപ്പോഴും നീണ്ട ക്യൂവാണ്. ശബരിമലയും പരിസരപ്രദേശങ്ങളും ശക്തമായ പൊലീസ് കാവലിലാണ്. സുരക്ഷ വര്‍ദ്ധിപ്പിച്ചിരിക്കുന്നതിന്റെ ഭാഗമായി ഇന്നലെ രാത്രി പത്തു മണിക്ക് നട അടച്ച ശേഷം സന്നിധാനത്ത് തങ്ങിയവരെ പൊലീസ് ഒഴിപ്പിച്ചിരുന്നു. ഇന്ന് പുലര്‍ച്ചെ പമ്പയിൽ നിന്നും സന്നിധാനത്തേക്ക് തീര്‍ത്ഥാടകരെ വിടാന്‍ തുടങ്ങിയിരുന്നെങ്കിലും മരക്കൂട്ടത്ത് വീണ്ടും തടഞ്ഞു. ക്യൂ പാലിച്ച്‌ മാത്രമാണ് ദര്‍ശനം അനുവദിക്കുന്നത്.

ഇരുമുടിക്കെട്ടില്ലാത്ത മുഴുവന്‍ പേരെയും നിരീക്ഷിക്കും. സംശയാസ്പദമായ സാഹചര്യമുള്ള ഏഴുപേരെയാണ് തിരിച്ചയച്ചത് . പരമ്പരാഗത കാനനപാതകളിലും വന്‍ സുരക്ഷാക്രമീകരണങ്ങളാണ് വനംവകുപ്പ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അനധികൃതമായി വനത്തില്‍ പ്രവേശിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും പെരിയാര്‍ ടൈഗര്‍ റിസര്‍വ് ഡെപ്യൂട്ടി ഡയറക്ടര്‍ നേരത്തെ വിശദമാക്കിയിട്ടുണ്ട്. അഴുതക്കടവ് ചെറിയാനവട്ടം , സത്രം സന്നിധാനം എന്നീ പരമ്പരാഗത കാനന പാതകളാണ് വനംവകുപ്പ് പെരിയാര്‍ വെസ്റ്റ് ഡിവിഷന് കീഴിലുള്ളത്.

കാനനപാതയില്‍ പലയിടങ്ങളിലായി സേവനകേന്ദ്രങ്ങള്‍ ഒരുക്കിയിട്ടുണ്ട്. വന്യജീവികളുടെ ആക്രമണങ്ങള്‍ തടയാനും സംവിധാനങ്ങളുണ്ട്. കഴിഞ്ഞ വര്‍ഷം അമ്പതിനായിരത്തോളം ഭക്തരാണ് പരമ്പരാഗത കാനനപാതവഴി സന്നിധാനത്തെത്തിയത്. ഇത്തവണ കൂടുതല്‍ പേരെത്തുമാണ് വനംവകുപ്പ് കണക്കുകൂട്ടുന്നത്.