ശബരിമല കേസ് നേരത്തെ പരിഗണിക്കാനാകില്ലെന്ന് ചീഫ് ജസ്റ്റിസ്

ശബരിമല സ്ത്രീപ്രവേശനവിധി ഭരണഘടനാ ബഞ്ചിന് മാത്രമേ സ്റ്റേ ചെയ്യാനാകൂ എന്ന് വീണ്ടും വ്യക്തമാക്കി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്. ഭരണഘടനാ ബഞ്ചിന് മാത്രമേ ഈ വിധിയിൽ എന്തു മാറ്റവും വരുത്താനാകൂ. ജനുവരി 22 – ന് മുമ്പ് ശബരിമല കേസുകൾ പരിഗണിക്കാനാകില്ലെന്ന് വീണ്ടും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. അയ്യപ്പ ഭക്തന്മാരുടെ ദേശീയ കൂട്ടായ്മയുടെ അഭിഭാഷകനായ അഡ്വ. മാത്യു നെടുമ്പാറയാണ് വിഷയം ചീഫ് ജസ്റ്റിസ് കോടതിയുടെ മുമ്പാകെ മെന്‍ഷന്‍ ചെയ്തത്. ശബരിമലയിലെ സംഘര്‍ഷങ്ങളും, അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തില്‍ യുവതീ പ്രവേശന വിധി സ്റ്റേ ചെയ്യണമെന്ന് മാത്യു നെടുമ്ബാറ ആവശ്യപ്പെട്ടു. നട തുറന്നതിനാല്‍ യുവതി പ്രവേശന വിധിക്ക് സ്റ്റേ അനുവദിക്കുന്ന കാര്യം മാത്രം ഉടന്‍ പരിഗണിക്കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ ഈ ആവശ്യവും ചീഫ് ജസ്റ്റിസ് തള്ളി.

അതേസമയം, യുവതീ പ്രവേശനം സംബന്ധിച്ച സുപ്രീം കോടതി വിധിയില്‍ സാവകാശം തേടി ദേവസ്വം ബോര്‍ഡ് സമര്‍പ്പിക്കുന്ന ഹര്‍ജിയും കോടതി പരിഗണിച്ചേക്കില്ലെന്നാണ് സൂചന. ചീഫ് ജസ്‌റ്റിസിന്റെ ഇന്നത്തെ പരാമര്‍ശങ്ങള്‍ ഇതിന്റെ സൂചനയാണെന്നും നിയമവൃത്തങ്ങള്‍ വിശദീകരിക്കുന്നു. ദേവസ്വം ബോര്‍ഡിന്റെ സാവകാശ ഹര്‍ജി ഇന്ന് തന്നെ കോടതിയില്‍ സമര്‍പ്പിക്കുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയായെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വിശദീകരിക്കുന്നു.