ശബരിമലയില്‍ വ്യോമനിരീക്ഷണം ഏര്‍പ്പെടുത്തി പൊലീസ്

ശബരിമല: ശബരിമലയില്‍ വ്യോമനിരീക്ഷണം ഏര്‍പ്പെടുത്തി പൊലീസ്.
സന്നിധാനത്തും പരിസരത്തും പ്രതിഷേധക്കാര്‍ തമ്പടിച്ചിട്ടുണ്ടോ എന്നറിയാനാണ് പൊലീസിന്‍റെ വ്യോമ നിരീക്ഷണം. നേവിയുടെ സഹായത്തോടെയാണ് പൊലീസ് സംഘം ഹെലികോപ്റ്ററില്‍ സന്നിധാനത്തും പരിസരങ്ങളിലും നിരീക്ഷണം നടത്തിയത്. രാവിലെ 11 ഓടെ രണ്ടു തവണ പ്രദേശത്ത് നേവിയുടെ ഹെലികോപ്റ്റര്‍ വട്ടമിട്ട് പറന്നു.

കെ പി ശശികല അടക്കമുള്ള നേതാക്കള്‍ സന്നിധാനത്തേക്ക് എത്തുന്നത് കണക്കിലെടുത്ത് കൂടിയാണ് സുരക്ഷ ശക്തമാക്കുന്നത്. നാവികസേനയുടെ ഹെലികോപ്റ്ററാണ് വ്യോമ നിരീക്ഷണം നടത്തുന്നത്. ശക്തമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടും ഇന്നലെ രാത്രിയില്‍ 250ഓളം പേര്‍ സംഘടിച്ച് പ്രതിഷേധം നടത്തിയത് പൊലീസിനെ അമ്പരപ്പിച്ചിരുന്നു. ശബരിമലയില്‍ സുരക്ഷ ശക്തമാക്കുന്നതിന്‍റെ ഭാഗമായി വ്യോമനിരീക്ഷണം നടത്തുമെന്ന് പോലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. മുന്‍പ് രണ്ടു തവണ നട തുറന്നപ്പോഴും സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങളെ തുടര്‍ന്നാണ് പുതിയ നീക്കം.

വനപാതയിലൂടെ പ്രതിഷേധക്കാര്‍ സന്നിധാനത്തെത്തി സംഘടിക്കുന്നുവെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇത്തരത്തില്‍ പ്രതിഷേധക്കാര്‍ സന്നിധാനത്ത് പ്രവേശിക്കുന്നത് തടയാനാണ് വ്യോമനിരീക്ഷണം ആരംഭിച്ചിരിക്കുന്നത്. വരും ദിവസങ്ങളിലും ഇത് തുടരുമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.