പ്രശസ്ത കന്നഡ ചലച്ചിത്ര നടന്‍ അംബരീഷ് അന്തരിച്ചു

പ്രശസ്ത കന്നഡ ചലച്ചിത്ര നടന്‍ അംബരീഷ് അന്തരിച്ചു. കർണാടകയിൽ എംഎല്‍എ, എംപി, കേന്ദ്രമന്ത്രി എന്നീ പദവികളും അലങ്കരിച്ചിരുന്നു. മലയാള സിനിമയിലും സജീവമായിരുന്ന നടി സുമലതയാണ് ഭാര്യ.

1972ലെ നഗരഹാവു എന്ന സിനിമയിലൂടെയാണ് എംഎച്ച്‌ അംബരീഷ് സിനിമ ലോകത്തേക്ക് കാലെടുത്തുവെച്ചത്. കന്നഡ, ഹിന്ദി, തെലുങ്കു, തമിഴ്, മലയാളം ഭാഷകളിലായി ഏകദേശം ഇരുന്നൂറ്റി മുപ്പതോളം സിനിമയില്‍ അദ്ദേഹം അബിനയിച്ചിട്ടുണ്ട്.

1994ലാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലൂടെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. എന്നാല്‍ സീറ്റ് വിഷയത്തില്‍ 1996ല്‍ അദ്ദേഹം പാര്‍ട്ടി വിട്ടു. തുടര്‍ന്ന് ജനത ദളില്‍ ചേര്‍ന്നു. 1998ലെ ജനറല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയും മാണ്ഡ്യയില്‍ നിന്ന് വിജയിക്കുകയും ചെയ്തു. എന്നാല്‍ വീണ്ടും അദ്ദേഹം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ തന്നെ തിരിച്ചെത്തി. പതിനാലാം കേന്ദ്രമന്ത്രിസഭയില്‍ ബ്രോഡ് കാസ്റ്റിങ് മിനിസ്റ്റര്‍ ആയിരുന്നു.