ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് ജാമ്യം

കണ്ണൂര്‍: ഡി.വൈ.എസ്.പിമാരായ പി.പി സദാനന്ദന്‍ , പ്രിന്‍സ് എബ്രഹാം എന്നിവരെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ഭീഷണിപ്പെടുത്തിയ കേസില്‍ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് ജാമ്യം. കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യമനുവദിച്ചത്.

അതേസമയം, ജാമ്യം ലഭിച്ചെങ്കിലും സുരേന്ദ്രന് ജയില്‍മോചിതനാകാന്‍ സാധിക്കില്ല. 52കാരിയെ വധിക്കാന്‍ ശ്രമിച്ച കേസില്‍ സുരേന്ദ്രന് റാന്നി കോടതി ജാമ്യം നിഷേധിച്ചിരുന്നു. ഈ കേസില്‍ കൂടി ജാമ്യം ലഭിച്ചാല്‍ മാത്രമേ സുരേന്ദ്രന് ജയില്‍മോചിതനാകാന്‍ സാധിക്കൂ. ചൊവ്വാഴ്ച വീണ്ടും സുരേന്ദ്രന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നുണ്ട്.

ചിത്തിര ആട്ട വിശേഷ സമയത്ത് മകന്‍റെ കുഞ്ഞിന്‍റെ ചോറൂണിനെത്തിയ തൃശ്ശൂർ സ്വദേശിനി ലളിതയെ വധിക്കാൻ ഗൂഡാലോചന നടത്തിയെന്നാണ് സുരേന്ദ്രനെതിരെയുള്ള കേസ്. ഇതിൽ പതിമൂന്നാം പ്രതിയാണ് സുരേന്ദ്രൻ. നിരോധനാജ്ഞ ലംഘിച്ച കേസിൽ നേരത്തെ സുരേന്ദ്രന് ജാമ്യം ലഭിച്ചിരുന്നു.

എന്നാല്‍, സ്ത്രീയെ ആക്രമിച്ച കേസില്‍ വധശ്രമത്തോട് അനുബന്ധിച്ചുള്ള ഗൂഢാലോചനയായതിനാൽ ജാമ്യം അനുവദിക്കാനാകില്ല എന്ന് കോടതി വ്യക്തമാക്കുകയായിരുന്നു.