രജനികാന്തിന്റെ ആയുരാരോഗ്യത്തിന് വേണ്ടി ‘മൺചോർ’ കഴിച്ച് ആരാധകർ

മധുര : രജനി – ശങ്കര്‍ ചിത്രമായ 2.0 തിയേറ്ററുകളില്‍ വിജയക്കുതിപ്പ് തുടരുമ്പോഴും ഒരു കൂട്ടം ആരാധകരുടെ വിചിത്രമായ സ്‌നേഹപ്രകടനം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. മധുരയിലെ ഒരു കൂട്ടം ആരാധകരാണ് രജനിയുടെ ആയുരാരോഗ്യത്തിനും സിനിമയുടെ വിജയത്തിനുമായി മണ്‍ചോര്‍ കഴിച്ചത്. വെറും നിലത്ത് ചോറ് ഇട്ട് വാരി കഴിക്കുന്ന ചടങ്ങാണ് മണ്‍ചോറൂണ്.

വലിയ ആഘോഷങ്ങളോടെയാണ് രജനികാന്ത് ചിത്രം 2.0 ആരാധകര്‍ വരവേറ്റത്. വളരെക്കാലമായി ആരാധകര്‍ കാത്തിരുന്ന ഈ സിനിമയ്ക്ക് മികച്ച അഭിപ്രായമാണ് തിയേറ്ററുകളില്‍ നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നത് . പുലര്‍ച്ചെ നാലു മുതല്‍ വിവിധ സ്ഥലങ്ങളില്‍ ഫാന്‍സ് ഷോകള്‍ നടന്നു. രജനിയുടെ ആദ്യ രംഗത്തിന് വന്‍വരവേല്‍പാണ് തിയേറ്ററുകളില്‍ ലഭിച്ചത്. ചില തിയേറ്ററുകളില്‍ ആദ്യ രംഗം അഞ്ചു മിനിറ്റോളം നിശ്ചലമാക്കി ആരാധകര്‍ക്ക് ആഘോഷത്തിനുള്ള അവസരം ഉണ്ടാക്കി കൊടുക്കുകയും ചെയ്തു .

ശങ്കര്‍, ജയമോഹന്‍ എന്നിവര്‍ ചേര്‍ന്ന് ഒരുക്കുന്ന ഈ ചിത്രത്തിൽ മലയാളി താരങ്ങളായ കലാഭവന്‍ ഷാജോണ്‍ ,റിയാസ് ഖാൻ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. എ. ആര്‍ റഹ് മാനാണ് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. നീരവ് ഷായാണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്.