ശബരിമല യുവതീ പ്രവേശനത്തെ പിന്തുണച്ച യുവാവിന് നേരെ ആക്രമണം

കൊച്ചി: ശബരിമല ദര്‍ശനത്തിന് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് കൊച്ചിയില്‍ വാര്‍ത്താസമ്മേളനം നടത്തിയ യുവതികള്‍ക്കൊപ്പമുണ്ടായിരുന്ന യുവാവിന് നേരെ ആക്രമണം. നിലമ്പൂർ കാരക്കോട് സ്വദേശി സംഗീതിന് നേരെയാണ് ആക്രമണമുണ്ടായത്.

പരുക്കേറ്റ സംഗീതിനെ നിലമ്ബൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാരക്കോട് ഉത്സവത്തിനിടെയായിരുന്നു ആക്രമണമുണ്ടായത്. വാര്‍ത്താസമ്മേളനം നടത്തിയതിനു പിന്നാലെ സംഗീത് ജോലിചെയ്യുന്ന സ്ഥാപനത്തിലേക്ക് നാമജപപ്രതിഷേധം നടന്നിരുന്നു. “നീയാണോടാ പെൺകുട്ടികൾക്കൊപ്പം പത്ര സമ്മേളനം നടത്തിയ സംഗീത്” എന്ന് ചോദിച്ചായിരുന്നു മർദ്ദനം. മേലാൽ ഫേസ്ബുക്കിലോ പുറത്തോ ഈ വിഷയത്തിൽ ഒരക്ഷരം മിണ്ടിയാൽ കൊന്നു കളയും എന്ന ഭീഷണി മുഴക്കിയാണ് അക്രമികൾ കടന്നു കളഞ്ഞത്. ശബരിമലയിൽ കയറുന്നതു പോയിട്ട് ആ വിഷയം മിണ്ടിയാൽ പോലും കൊല്ലുമെന്നും സംഗീതിനെ ഭീഷണിപെടുത്തിയതായാണ് പരാതി.

കണ്ണൂര്‍ സ്വദേശി രേഷ്മാ നിശാന്ത് അടക്കമുള്ള മൂന്നു യുവതികളാണ് കൊച്ചിയില്‍ വാര്‍ത്താസമ്മേളനം നടത്തിയത്. നേരത്തെ ഇവര്‍ക്കൊപ്പം പത്രസമ്മേളനത്തില്‍ പങ്കെടുത്ത അപര്‍ണ്ണ ശിവകാമിയുടെ വീടിന് നേരെയും ആക്രമണം നടന്നിരുന്നു.