സന്നിധാനത്ത് യുവതികള്‍ വന്നാല്‍ തടയാന്‍ എന്തിനും തയ്യാറായി 400 ഓളം സംഘപരിവാര്‍ പ്രവര്‍ത്തകര്‍

പത്തനംതിട്ട: സുപ്രീംകോടതി വിധിയെ തുടര്‍ന്ന് ശബരിമലയില്‍ യുവതികള്‍ വന്നാല്‍ തടയാന്‍ ഏതറ്റം വരെ പോകാനും സന്നദ്ധമായി സംഘപരിവാര്‍ പ്രവര്‍ത്തകര്‍. ശബരിമല വിഷയത്തിലെ പ്രതിഷേധം ബി.ജെ.പി സെക്രട്ടേറിയറ്റിന് മുന്നിലേക്ക് മാറ്റിയെങ്കിലും സമര പരിപാടികള്‍ക്ക് യാതൊരു കോട്ടവും ഉണ്ടായിട്ടില്ലെന്നാണ് ഇത് കാണിക്കുന്നത്.

നിലവില്‍ 200- 250 പ്രവര്‍ത്തകര്‍ ദിനംപ്രതി സന്നിധാനത്തുണ്ട്. വിവിധ ഹിന്ദു സംഘടനകളും ശബരിമല കര്‍മ്മ സമിതിയും ചേര്‍ന്നാണ് പ്രവര്‍ത്തകരെ സന്നിധാനത്തെത്തിക്കുക. ഭക്തരായി വരുന്നതിനാല്‍ ഇവരെ തടയാനും അധികൃതര്‍ക്ക് കഴിയില്ല. പൊലീസിന്റെ പിടിയില്‍പെടാതിരിക്കാന്‍ കേസുകളില്‍ ഉള്‍പ്പെട്ടവരെ ഒഴിവാക്കിയാണ് പ്രവര്‍ത്തകരെ അയയ്ക്കുക. ഇതിനായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പ്രവര്‍ത്തകരെ തയ്യാറാക്കി കഴിഞ്ഞു. മകരവിളക്ക് കഴിഞ്ഞ് ശബരിമല നട അടയ്ക്കുന്നതുവരെ സന്നിധാനത്ത് പ്രവര്‍ത്തകരുടെ സാന്നിദ്ധ്യം ഉണ്ടാകും.

ഒരു കാരണവശാലും യുവതികളെ ശബരിമലയില്‍ പ്രവേശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന ദൃഢനിശ്ചയത്തില്‍ തന്നെയാണ് സംഘപരിവാര്‍. ശബരിമലയിലേക്കാണെന്ന സംശയത്താല്‍ ഏതെങ്കിലും യുവതികളെ കണ്ടാല്‍ ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍, ബസ് ജീവനക്കാര്‍ , ടെയ്രിനുകളിലെയും ബസുകളിലെയും സഹയാത്രികര്‍ തുടങ്ങി സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളില്‍ നിന്നുമുള്ളവരില്‍ നിന്നും ജാഗ്രതാ മുന്നറിയിപ്പുകള്‍ സംഘടനയ്ക്ക് ലഭിക്കുന്നുണ്ട്.

ഇതോടൊപ്പം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശബരിമല കര്‍മ്മ സമിതിയുടെ നേതൃത്വത്തില്‍ പ്രചാരണ പരിപാടികളും നടത്തുന്നുണ്ട്. ഒപ്പുശേഖരണം, ലഘുലേഖാ വിതരണം , വീഡിയോ ക്യാമ്ബയിനിംഗ് , ഗൃഹസമ്ബര്‍ക്കം എന്നിവ നടന്നുവരികയാണ്. കര്‍മ്മസമിതിയിലില്ലാത്ത സംഘടനകളേയും സഹകരിപ്പിക്കാന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. കൂടുതല്‍ പ്രതിഷേധ പരിപാടികള്‍ ഇന്ന് ഉച്ചയ്ക്ക് ശേഷം 3 ന് തിരുവനന്തപുരത്ത് ചേരുന്ന ശബരിമല കര്‍മ്മ സമിതി കേന്ദ്ര സമിതി യോഗം തീരുമാനിക്കും.