താലികെട്ടുന്നതിന് മിനിറ്റുകള്‍ക്ക് മുൻപ് വരന്‍ ആ രഹസ്യം അറിഞ്ഞു ; പിന്നീട് നടന്നത് ?

ബംഗളൂരു: താലികെട്ടുന്നതിന് മിനിറ്റുകള്‍ക്ക് മുൻപ് വരന്‍ ആ രഹസ്യം അറിഞ്ഞു. പിന്നീട് വിവാഹവേദിയില്‍ നടന്നത് നാടകീയ സംഭവങ്ങളായിരുന്നു. ഹാസന്‍ജില്ലയിലെ ശക്‌ലേഷ്പുര്‍ താലൂക്കിലെ കല്യാണ മണ്ഡപത്തിലാണ് കഴിഞ്ഞ ദിവസം സിനിമയെ വെല്ലുന്ന രംഗങ്ങള്‍ അരങ്ങേറിയത്.

താലികെട്ടുന്നതിന് മിനിറ്റുകള്‍മുൻപ് വരന്റെ വാട്‌സാപ്പിലേക്ക് വധു മറ്റൊരാളോടൊപ്പം സ്വകാര്യനിമിഷങ്ങള്‍ പങ്കിടുന്ന ചിത്രങ്ങള്‍ ആരോ അയച്ചുകൊടുക്കുകയായിരുന്നു. പിന്നെ മറ്റൊന്നും നോക്കിയില്ല, നിന്ന നില്‍പ്പില്‍ തന്നെ വിവാഹത്തില്‍നിന്നും വരന്‍ പിന്മാറി. വധുവിന്റെ ബന്ധുക്കളും സുഹൃത്തുക്കളും എന്തു ചെയ്യണമെന്നറിയാതെ അന്ധാളിച്ചുനില്‍ക്കുമ്പോൾ നാടകീയമായി വാട്‌സാപ്പ് ചിത്രത്തിലെ നായകന്‍ വന്നു . കൈയ്യില്‍ താലി കരുതിയിരുന്ന നായകൻ മണ്ഡപത്തിലെത്തിയതോടെ താന്‍ ഏറെക്കാലമായി വധുവുമായി പ്രണയത്തിലാണെന്ന് നിറഞ്ഞുനിന്ന സദസിനോട് വെളിപ്പെടുത്തുകയും ചെയ്തു. ഇതോടെ ബന്ധുക്കള്‍ പ്രകോപിതരായെങ്കിലും അവരെ വധു തടഞ്ഞുനിര്‍ത്തി. ഒടുവില്‍ വാട്‌സാപ്പ് നായകന്‍തന്നെ വധുവിന്റെ കഴുത്തില്‍ താലിചാര്‍ത്തി.

സ്വകാര്യസ്ഥാപനത്തില്‍ ജോലിചെയ്യുന്ന യുവാവുമായി ശക്‌ലേഷ്പുര്‍ സ്വദേശിനിയായ യുവതിയുടെ വിവാഹം വീട്ടുകാര്‍ നിശ്ചയിക്കുകയായിരുന്നു. തനിക്ക് മറ്റൊരു യുവാവുമായി പ്രണയമുണ്ടെന്ന് വധു വീട്ടുകാരോട് പറഞ്ഞിരുന്നെങ്കിലും അവര്‍ അതിനെ അവഗണിച്ചു. തുടര്‍ന്ന് എതിര്‍പ്പ് വകവെയ്ക്കാതെ വിവാഹം നിശ്ചയിക്കുകയും ചെയ്തു. മാത്രമല്ല ഇക്കാര്യം വിവാഹം നിശ്ചയിച്ച യുവാവുമായി സംസാരിക്കാനും വീട്ടുകാര്‍ സമ്മതിച്ചില്ല. ഇതോടെയാണ് യുവതിയും കാമുകനും ചേര്‍ന്ന് തങ്ങളുടെ സ്വകാര്യ നിമിഷങ്ങള്‍ വരന് അയച്ചുകൊടുക്കാന്‍ തീരുമാനിച്ചത്. അതേസമയം, യുവതിക്കും വീട്ടുകാര്‍ക്കുമെതിരെ പോലീസില്‍ പരാതിനല്‍കുമെന്ന് വരന്റെ വീട്ടുകാര്‍ അറിയിച്ചു.