മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച വരൻ വിവാഹാഘോഷത്തിനിടെ അറസ്റ്റില്‍

ഫോണ്‍ മോഷ്ടിച്ച വരനെ വിവാഹാഘോഷത്തിനിടെ അറസ്റ്റു ചെയ്തു. വരന്‍ അജയ് സുനില്‍ ദോത്തി(22) സുഹൃത്ത് അല്‍ത്താഫ് മിശ്ര(22) എന്നിവരാണ് അറസ്റ്റിലായത്. ചൊവ്വാഴ്ച്ച സുനില്‍ദോത്തിയുടെ വിവാഹത്തിന്റെ ഘോഷയാത്രയ്ക്കിടയിലായിരുന്നു അറസ്റ്റ്.
അല്‍ത്താഫും സുഹൃത്തും ചേര്‍ന്ന് വഴിയരികിലൂടെ നടന്നുപോകുകയായിരുന്ന യുവതിയുടെ ഫോണ്‍ ബൈക്കിലെത്തി തട്ടിപ്പറിച്ചെടുക്കുകയായിരുന്നു. നമ്പർ പ്ലേറ്റ് സെല്ലോ ടാപ്പ് വെച്ച് മറച്ചിരുന്നു.
മോഷണത്തിന് സുഹൃത്തിന്റെ ബൈക്കാണ് ഇവര്‍ ഉപയോഗിച്ചിരുന്നത്. 10,000 രൂപയുടെ ഫോണാണ് മോഷ്ടിച്ചത്. തുടർന്ന് സമീപത്തെ സി.സി.ടി.വികളില്‍ നിന്നും ലഭിച്ച ദൃശ്യങ്ങൾ വെച്ചാണ് പോലീസ് പ്രതികളെ പിടികൂടിയത്. ഇവര്‍ സംഭവം നടന്ന തിങ്കളാഴ്ച്ച തന്നെ ഈ ഫോണ്‍ വിറ്റതായും പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. ഇതോടെ പൊലീസ് സുനില്‍ ദോത്തിയുടെ വീട്ടിലെത്തി വിവാഹ ആഘോഷങ്ങള്‍ക്കിടെ വരനെ അറസ്റ്റ് ചെയ്യുകയായിരുന്നു.