അവകാശങ്ങളെക്കുറിച്ച് സ്ത്രീകള്‍ ബോധവതികളാകണം – പി.കെ ശ്രീമതി

ഭരണഘടന വിഭാവനം ചെയ്യുന്ന അവകാശങ്ങളെക്കുറിച്ച് സ്ത്രീകള്‍ ബോധവതികളാകണമെന്ന് പി.കെ ശ്രീമതി എം.പി . കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന സാമൂഹ്യാധിഷ്ഠിത സ്വയംപഠന പ്രക്രിയയായ കുടുംബശ്രീ സ്‌കൂളിന്റെ രണ്ടാംഘട്ട ജില്ലാതല ഉദ്ഘാടനം നടത്തി സംസാരിക്കുകയായിരുന്നു പി.കെ ശ്രീമതി ടീച്ചര്‍. കുടുംബശ്രീ സ്‌കൂള്‍ ജില്ലയുടെ മുഖച്ചായ തന്നെ മാറ്റുമെന്നതില്‍ സംശയമില്ല. ശരിയായ അവകാശ ബോധത്തിലൂടെ സമൂഹത്തെ പുരോഗതിയിലേക്ക് ഉയര്‍ത്തുവാന്‍ കുടുംബശ്രീക്ക് സാധിക്കണമെന്നും പി.കെ ശ്രീമതി പറഞ്ഞു.

പ്രളയത്തില്‍ ഗൃഹോപകരണങ്ങള്‍ നഷ്ടപ്പെട്ട റീസര്‍ജന്റ് കേരള ലോണ്‍ സ്‌കീമിന് (ആര്‍കെഎല്‍എസ്) അര്‍ഹരായ കുടുംബശ്രീ അംഗങ്ങള്‍ക്ക് വിലക്കുറവില്‍ ഗൃഹോപകരണങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള ഡിസ്‌കൗണ്ട് കാര്‍ഡ് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനവും പി.കെ ശ്രീമതി ടീച്ചര്‍ എംപി നിര്‍വഹിച്ചു. പദ്ധതിയിലൂടെ വിവിധ കമ്പനികളുടെ ഗൃഹോപകരണങ്ങള്‍ ആണ് 40 മുതല്‍ 50 ശതമാനം വരെ ഇളവില്‍ പ്രളയബാധിതര്‍ക്ക് ലഭ്യമാക്കുന്നത്.

ആറന്മുള എംഎല്‍എ വീണാ ജോര്‍ജ് അധ്യക്ഷത വഹിച്ചു. സംസ്ഥാനത്തെ 43 ലക്ഷം അയല്‍ക്കൂട്ട വനിതകളുടെ സാമൂഹ്യ സാംസ്‌കാരിക വിദ്യാഭ്യാസ പുരോഗതിയും വ്യക്തിത്വ വികസനവും ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. അയല്‍ക്കൂട്ടങ്ങള്‍ കേന്ദ്രീകരിച്ച് നടപ്പാക്കുന്ന അനൗപചാരിക വിദ്യാഭ്യാസ പദ്ധതിയിലൂടെ കുടുംബശ്രീ വനിതകളുടെ ബൗദ്ധിക നിലവാരവും ഇച്ഛാശക്തിയും ഉയര്‍ത്തുന്നതിനായി വിവിധ വിഷയങ്ങളില്‍ അറിവ് നല്‍കുക എന്നതാണ് കുടുംബശ്രീ സ്‌കൂള്‍ വഴി ലക്ഷ്യമിടുന്നത്. വിരമിച്ച അധ്യാപകര്‍, സാമൂഹ്യ സാംസ്‌കാരിക മേഖലയിലെ വിദഗ്ദ്ധർ, വിവിധ മേഖലകളില്‍ പ്രാഗല്‍ഭ്യം നേടിയ വ്യക്തികള്‍ എന്നിവരായിരിക്കും പരിശീലനം നല്‍കുക. കൂടാതെ ഒരു വാര്‍ഡില്‍ നിന്നും ആറ് റിസോഴ്‌സ് പേഴ്‌സണ്‍മാരെയും ഇതിനായി തിരഞ്ഞെടുത്തിട്ടുണ്ട്. അയല്‍ക്കൂട്ട യോഗങ്ങള്‍ ചേരുമ്പോള്‍ രണ്ടു മണിക്കൂര്‍ വീതം ആറ് ആഴ്ചകളിലായാണ് പരിശീലനം.

സ്ത്രീകളുടെ വ്യക്തിത്വ വികസനം, നേതൃപാടവം, അവകാശങ്ങളെ കുറിച്ചുള്ള അറിവ്, കാര്യശേഷി വികസനം എന്നിവയില്‍ പരിശീലനം നല്‍കും. 2019 ജനുവരി 13 വരെയാണ് രണ്ടാംഘട്ട കുടുംബശ്രീ സ്‌കൂള്‍ ക്യാമ്പെയ്ന്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുക. പത്തനംതിട്ട നഗരസഭ അധ്യക്ഷ ഗീതാ സുരേഷ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണ്ണാദേവി, പഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷന്‍ പ്രസിഡന്റ് മോഹന്‍രാജ് ജേക്കബ്, വാര്‍ഡ് കൗണ്‍സിലര്‍ വല്‍സണ്‍ ടി.കോശി, കുടുംബശ്രീ സിഡിഎസ് ചെയര്‍പേഴ്സണ്‍ മോനി വര്‍ഗീസ്, കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ വി.എസ് സീമ, അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റമാരായ കെ.എച്ച് സെലീന, എ. മണികണ്ഠന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.